കട്ടപ്പന: വണ്ടൻമേട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മസിൽപ്പവർ കണ്ട് ജിമ്മിൽ പോകാറുണ്ടോയെന്ന് ആരും ചോദിക്കേണ്ടതില്ല. ഉദ്യോഗസ്ഥരുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് സ്റ്റേഷനിൽ മൾട്ടി ജിംനേഷ്യം പ്രവർത്തനമാരംഭിച്ചു. ഹംഗറിയിലെ വ്യവസായിയും വണ്ടൻമേട് സ്വദേശിയുമായ കെ.പി. കൃഷ്ണകുമാറിന്റെ സഹായത്തോടെയാണ് എല്ലാവിധ സൗകര്യങ്ങളോടുകൂടി സ്റ്റേഷന്റെ മുകൾനിലയിൽ ജിം തുറന്നത്. 40ൽപ്പരം പൊലീസ് ഉദ്യോഗസ്ഥർക്ക് ശാസ്ത്രീയമായ പരിശീലനം നൽകും. സമീപ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കും ജിമ്മിന്റെ സേവനം പ്രയോജനപ്പെടുത്താം. കൃഷ്ണകുമാറിന്റെ സുഹൃത്തും വണ്ടൻമേട് സ്റ്റേഷനിലെ സി.പി.ഒയുമായ എസ്. അനീഷ് മുഖാന്തിരമാണ് ഒന്നര ലക്ഷം രൂപ മുടക്കി ഉപകരണങ്ങളടക്കം സജ്ജമാക്കിയത്. ജിംനേഷ്യത്തിന്റെ ഉദ്ഘാടനം കെ.പി. കൃഷ്ണകുമാർ നിർവഹിച്ചു. ചടങ്ങിൽ സി.ഐ. വി.എസ് നവാസ്, എസ്.ഐമാരായ പി.എസ്. നൗഷാദ്, എം. ജയകൃഷ്ണൻ, സിജു ജോസഫ്, സി.പി.ഒമാരായ ബിജു ജോസഫ്, ജോബി ജോസഫ്, വി.എം. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞവർഷം രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുകളിൽ 26ാം സ്ഥാനം വണ്ടൻമേട് സ്റ്റേഷന് ലഭിച്ചിരുന്നു. കൂടാതെ സ്റ്റേഷൻ വളപ്പിലെ മത്സ്യക്കൃഷിയും പച്ചക്കറിക്കൃഷിയും ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.