വൈക്കം: മുദ്രവച്ച പെട്ടികളിൽ കനത്ത കാവലിൽ വോട്ടിംഗ് യന്ത്രങ്ങൾ. വോട്ട് പെട്ടി തുറക്കും മുൻപേ വിലയിരുത്തലും വിശകലനങ്ങളും നടത്തി വോട്ടെണ്ണി വിജയം ഉറപ്പിക്കുകയാണ് മുന്നണികൾ. വൈക്കം നഗരസഭയിൽ ഭരണ തുടർച്ചയുണ്ടാവുമെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു. കഴിഞ്ഞ കൗൺസിലിൽ വലിയ കക്ഷി കോൺഗ്രസായിരുന്നെങ്കിലും രണ്ട് കോൺഗ്രസ് റിബലുകളെ ഒപ്പം കൂട്ടി എൽ.ഡി.എഫ് ഭരണത്തിലേറുകയായിരുന്നു. ആ രണ്ട് സ്വതന്ത്രരും ഇക്കുറി സി.പി.ഐ, സി.പി.എം സ്ഥാനാർത്ഥികളായി മത്സരരംഗത്തുണ്ടായിരുന്നു. ഗ്രാമപഞ്ചായത്തുകളിൽ ടിവിപുരവും തലയോലപ്പറമ്പും തിരിച്ചുപിടിക്കാനാവുമെന്നാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. നിയോജകമണ്ഡലത്തിലെ വെച്ചൂർ, തലയാഴം, ഉദയനാപുരം, ചെമ്പ്, മറവന്തുരുത്ത്, കല്ലറ പഞ്ചായത്തുകൾ എൽ.ഡി.എഫിന്റെ കൈവശമായിരുന്നു. കമ്യൂണിസ്റ്റ് കോട്ടയെന്നറിയപ്പെട്ടിരുന്ന ടിവിപുരത്ത് പക്ഷേ കഴിഞ്ഞ പത്ത് വർഷമായി യു.ഡി.എഫ് ഭരണമാണ്. തലയോലപ്പറമ്പിൽ യു.ഡി.എഫിനാണ് മേൽക്കൈ.
വൈക്കം ബ്ലോക്ക് പഞ്ചായത്തിൽ കഴിഞ്ഞ പത്ത് വർഷമായി സി.പി.എം, സി.പി.ഐ അംഗങ്ങൾ മാത്രമാണുള്ളത്. പ്രതിപക്ഷമില്ല. ബ്ലോക്ക് പഞ്ചായത്ത് സംവിധാനം വന്ന കാലം മുതൽ ഇവിടെ എൽ.ഡി.എഫിനാണ് ഭരണം. ജില്ലാ പഞ്ചായത്തിന്റെ വൈക്കം,വെള്ളൂർ,തലയാഴം ഡിവിഷനുകൾ എൽ.ഡി.എഫിന്റേതാണ്.
സംസ്ഥാന സർക്കാരിന്റെ വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ അനുകൂല ഘടകമാകുമെന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ. സർക്കാരിനെതിരെ അനുദിനം ഉയരുന്ന അഴിമതി ആരോപണങ്ങൾ ജനവിധി തങ്ങൾക്കനുകൂലമാക്കുമെന്ന് യു.ഡി.എഫും വിശ്വസിക്കുന്നു. കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ എടുത്ത് പറഞ്ഞും ശബരിമല സ്ത്രീ പ്രവേശനം ചർച്ചയാക്കിയുമാണ് ബി.ജെ.പി രംഗത്തിറങ്ങിയത്. മോദി തരംഗവും ശബരിമലയും വോട്ടായി തങ്ങളുടെ പെട്ടിയിൽ വീഴുമെന്ന് എൻ.ഡി.എ വിശ്വസിക്കുന്നു.