vilak

ചങ്ങനാശേരി: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും തെരുവു വിളക്കുകളിലേറെയും കണ്ണടച്ചിട്ട് മാസങ്ങൾ പിന്നിടുന്നു. ബൈപ്പാസ് റോഡുകൾ ഉൾപ്പെടെയുള്ള റോഡുകളിലെ തെരുവ് വിളക്കുകൾ നോക്കുകുത്തിയായി. റോഡിലെ, കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ, റെയിൽവേ റോഡിലെ, ഇടറോഡുകളിലെ, പെരുന്ന ബസ് സ്റ്റാൻഡ്, പെരുന്ന റെഡ് സ്‌ക്വയർ, എസ്.എച്ച് ജംഗ്ഷൻ എന്നിങ്ങനെ പ്രധാന ഇടങ്ങളെല്ലാം ഇരുട്ടിലാണ്. ലൈറ്റുകൾ മിക്കവയും ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്നവയാണ്. ഇതിൽ ഭൂരിഭാഗത്തിലും ലൈറ്റുകൾ സ്ഥാപിച്ചിരുന്നുവെന്നു പോലും തോന്നില്ല. മറ്റ് ചിലതിൽ മുൻപ് സ്ഥാപിച്ചിരുന്ന ലൈറ്റുകളുടെ ബാക്കിഭാഗം മാത്രം കാണാം. വാഹനങ്ങളിൽ നിന്നും സമീപത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമുള്ള വെളിച്ചമാണ് ഏകആശ്രയം. നഗരത്തിൽ മാത്രമല്ല, ഇടറോഡുകളും ഗ്രാമപ്രദേശങ്ങളും ഉൾപ്പെടെ ഇരുട്ടിലാണ്. സോളാർ ലൈറ്റുകളും തെളിയാറില്ല. ഇവയിൽ പലതും വാഹനങ്ങൾ ഇടിച്ചു തകർത്ത നിലയിലാണ്. വഴിവിളക്കുകൾ തെളിയാത്തതുമൂലം ഇരുട്ടിന്റെ മറവിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും ശല്യവും വർദ്ധിച്ചിരിക്കുകയാണ്. പ്രഭാത സവാരിപോലും സാധിക്കാത്ത അവസ്ഥയാണെന്ന് നഗരവാസികൾ
പറയുന്നു. തെരുവ് വിളക്കുകൾ കത്താത്തത് അപകടങ്ങൾക്കും ഇടയാക്കുന്നുണ്ട്.

ബൈപ്പാസ് റോഡിലും വെട്ടമില്ല

നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിർമിച്ച ബൈപ്പാസിലൂടെയുള്ള യാത്ര നരകതുല്യമായി. ഇരുട്ടു വീണാൽ പിന്നെ ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാണ്. വാഹനങ്ങൾ നിന്നുള്ള വെളിച്ചമാണ് ഇവിടെ ഏകആശ്രയം. എം.സി റോഡിൽ പാലാത്രയിൽ നിന്ന് ആരംഭിച്ച് ളായിക്കാട് പാലം വരെ നീളുന്ന റോഡ് ഏറെ പ്രതീക്ഷയോടെയാണ് സഞ്ചാരത്തിനായി തുറന്ന് കൊടുത്തത്. വീടുകളിലെയും വാഹനങ്ങളിലെ വെളിച്ചം മാത്രമാണ് കാൽനടയാത്രക്കാർക്ക് ആശ്രയം. മാലിന്യം നിക്ഷേപിക്കാനെത്തുന്നവർക്കും അനുകൂല സാഹചര്യമാണ്. ളായിക്കാട് ഭാഗത്ത് റോഡിനിരുവശത്തും കവറുകളിൽ കെട്ടിയ നിലയിൽ മാലിന്യക്കൂമ്പാരത്തിനു കുറവില്ല. നഗരത്തിലെ ഇടറോ‌ഡുകളിലെയും അവസ്ഥ വ്യത്യസ്തമല്ല. ഇടറോഡുകളിൽ തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ പാമ്പുശല്യവും തെരുവ്നായ ശല്യവും ജനങ്ങൾക്ക് ഭീഷണിയാവുകയാണ്. തെരുവുവിളക്കുകൾ കത്തിക്കാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.