
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് പോളിംഗ് ശതമാനം കുറഞ്ഞതിനെ ചൊല്ലി വിവാദം കത്തുന്നു. 2015ൽ 79.04 ശതമാനം രേഖപ്പെടുത്തിയപ്പോൾ ഇക്കുറി 73.92 ശതമാനമായി കുറഞ്ഞു. ആറ് ശതമാനത്തിന്റെ കുറവാണുണ്ടായത്. അതിനിടെ കേരളകോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്വാധീനമേഖലകളിൽ വോട്ടുകൾ മരവിച്ചുവെന്ന പ്രചാരണവും ശക്തമാണ്. പാലായിലും സമീപപ്രദേശങ്ങളിലും എൻ.സി.പി നേതാവ് മാണി സി. കാപ്പൻ പ്രചാരണത്തിൽ സജീവമല്ലായിരുന്നു. എൽ.ഡി.എഫ് അവഗണിച്ചുവെന്ന ആരോപണവുമായി കാപ്പൻ ഇന്നലെ പരസ്യമായി രംഗത്തെത്തിയതോടെ കാലുവാരൽ ആരോപണവും ശക്തമായി.
ഇരുകേരളകോൺഗ്രസുകളും നിലനിൽപ്പിനായി പോരാടുമ്പോൾ പോളിംഗ് ശതമാനവും ഉയരുമെന്ന് പ്രതീക്ഷിച്ചത്. എന്നാൽ കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോലും പോളിംഗ് കറഞ്ഞു. ഇത് കേരളകോൺഗ്രസിന്റെ പിളർപ്പിലും യു.ഡി.എഫ് വിട്ടതിലും അസംതൃപ്തരായവർ വോട്ടില്ലെന്ന സംശയവും ബലപ്പെടുന്നു.
കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളായ പാലാ നഗരസഭയിൽ ആറു ശതമാനവും ഉഴവൂർ ബ്ലോക്കിൽ അഞ്ചും, കടുത്തുരുത്തി, ചങ്ങനാശേരി എന്നിവിടങ്ങളിൽ നാല് ശതമാനം വീതവും പോളിംഗ് കുറഞ്ഞു. എന്നാൽ പോളിംഗിലെ കുറവ് വിജയത്തെ ബാധിക്കില്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
എൻ.ഡി.എഫ് അവഗണിച്ചു: കാപ്പൻ
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി എൻ.സി.പിയോട് നീതി പുലർത്തിയില്ലെന്ന് മാണി സി. കാപ്പൻ എം.എൽ.എ പ്രതികരിച്ചു. സീറ്റ് വിഭജനത്തിൽ തങ്ങളെ അവഗണിച്ചു. വേണ്ടത്ര പരിഗണന എൽ.ഡി.എഫിൽ നിന്ന് കിട്ടിയില്ല. അതിൽ കടുത്ത പ്രതിഷേധമുണ്ട്. ഇടതുമുന്നണിയിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കും. പാലായിൽ പ്രചാരണത്തിനിറങ്ങിയില്ലെന്ന ആരോപണം ശരിയല്ല. ക്ഷണിച്ചിടത്ത് പോയിട്ടുണ്ട്. കൊവിഡ് വ്യാപനം ശക്തമായതാണ് പ്രചാരണത്തിൽ നിന്ന് അകന്നു നിൽക്കാൻ കാരണമെന്നും കാപ്പൻ പറഞ്ഞു.