കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നഗരത്തിലെ പ്രധാന ചർച്ചാവിഷയം 'ആരാകും അടുത്ത നഗരസഭാദ്ധ്യക്ഷ എന്നതാണ്. പാർട്ടി ഓഫീസുകളിൽ മാത്രമല്ല, ചായക്കടകളിലും സർക്കാർ ഓഫീസുകളിലും തുടങ്ങി നാലാൾ കൂടുന്നിടത്തെല്ലാം ചർച്ച കൊഴുക്കുകയാണ്.
യു.ഡി.എഫ്
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഭരണത്തുടച്ചയുണ്ടാകുമെന്ന് ഉറച്ചു പറയുന്നു യു.ഡി.എഫ്. പോളിംഗ് കുറഞ്ഞെങ്കിലും തങ്ങളുടെ വോട്ടുകളെല്ലാം പെട്ടിയിൽ വീണമെന്ന ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് നേതൃത്വം. കാലങ്ങളായി കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഇക്കുറി അദ്ധ്യക്ഷമാരാകുന്നവരുടെ പേരും ഓരോരുത്തരും കുറിച്ചു വച്ചിട്ടുണ്ട്. മുൻ നഗരസഭാദ്ധ്യക്ഷമാരായ ഡോ.പി.ആർ.സോന, ബിന്ദു സന്തോഷ് കുമാർ, മുൻ വൈസ് ചെയർപേഴ്സൺ ജാൻസി ജയിംസ് ഇങ്ങനെ ഒരുപട്ടിക തന്നെയുണ്ട്.
എൽ.ഡി.എഫ്
നഗരസഭ ഭരിക്കുമെന്ന് എൽ.ഡി.എഫിന് ഉറപ്പിച്ചു പറയാൻ കഴിയില്ല. ജോസ് കെ.മാണിയുടെ വരവും എ,ഐ ഗ്രൂപ്പ് തർക്കങ്ങളുമാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. അട്ടിമറിയുണ്ടായാൽ ഒരുപിടി വനിതാ നേതാക്കളും സി.പി.എമ്മിനുണ്ട്. മുൻ കൗൺസിലർമാരായ പി.എൻ.സരസമ്മാൾ, അഡ്വ.ഷീജ അനിൽ തുടങ്ങിയ പേരുകൾക്കാണ് സി.പി.എമ്മിന്റെ പട്ടികയിൽ ആദ്യ പരിഗണന.
എൻ.ഡി.എ
നഗരസഭയിലെ 6 സീറ്റെന്നത് 12ലെത്തുമെന്നാണ് ബി.ജെ.പി പറയുന്നത്. ഒപ്പം ബി.ഡി.ജെ.എസ് സീറ്റുകൾക്കൂടിയാകുമ്പോൾ ഇക്കുറി നേട്ടമാകുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായ സീറ്റുകളിൽ ഇക്കുറി ഒന്നാമതെത്തുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നു. കുമാരനല്ലൂർ മേഖലയിൽ നാല് സീറ്റുകളാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.