ayyappancovil
അയ്യപ്പന്‍കോവില്‍ തൂക്കുപാലം.

 സന്ദർശകരുടെ തിരക്കേറിയതോടെ ടൂറിസം മേഖല ഉണർവിൽ

കട്ടപ്പന: ഡിസംബറിലെ കോടമഞ്ഞ് ചേല പുതച്ച് നിൽക്കുന്ന വാഗമണ്ണിൽ കൊവിഡിന് ശേഷം സന്ദർശകരുടെ തിരക്കേറുന്നു. ക്രിസ്മസ് പുതുവത്സ സീസൺ ആരംഭിച്ചതിനു പിന്നാലെ ആളുകൾ എത്തി തുടങ്ങിയത് ടൂറിസം മേഖലയ്ക്കും ഉണർവാകുകയാണ്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാസങ്ങളോളം വീടുകളിൽ കഴിഞ്ഞിരുന്നവർക്ക് കുടുംബത്തോടൊപ്പം ഒന്നു ചുറ്റിക്കറങ്ങാൻ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ മുൻപന്തിയിലാണ് വാഗമണ്ണിന്റെ സ്ഥാനം. നവംബറിൽ സീസൺ ആരംഭിച്ചശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 1000നും 2000 നുമിടയിൽ ആളുകളാണ് ദിവസവും ഇവിടെയെത്തുന്നത്. ശനി, ഞായർ ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം 5000നും 10,000 നുമിടയിലാണ്. ഇന്നലെ പതിനായിരത്തിലധികം പേർ വാഗമണ്ണിലെത്തി. ഡിസംബർ അവസാനത്തോടെ സന്ദർശകർ ക്രമാതീതമായി വർദ്ധിക്കുമെന്നാണ് ഡി.ടി.പി.സിയുടെ കണക്കുകൂട്ടൽ. വാഗമൺ മൊട്ടക്കുന്നുകൾ, പൈൻമരക്കാട്, ആത്മഹത്യ മുനമ്പ്, അഡ്വഞ്ചർ പാർക്ക്, തങ്ങൾപാറ, കുരിശുമല, പാലൊഴുകുംപാറ വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം രാവിലെ മുതൽ സഞ്ചാരികളുടെ തിരക്കാണ്. സീസൺ ആരംഭിച്ചതോടെ റിസോർട്ട്, ഹോംസ്റ്റേ മേഖലകളിലും ഉണർവ് പ്രകടമാണ്. ദിവസങ്ങളോളം വാഗമണ്ണിൽ താമസിച്ച് എല്ലാ സ്ഥലങ്ങളും കണ്ട് മടങ്ങുന്നവരും കുറവല്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് റിസോർട്ടുകളിൽ ബുക്കിംഗ് കുറവാണെങ്കിലും ഇടുക്കിയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് വാഗമൺ മുന്നിലാണ്. വടക്കേന്ത്യൻ സഞ്ചാരികളുടെ അഭാവവും വാഗമൺ ടൂറിസത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതിർത്തിയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയപ്പോൾ തമിഴ്‌നാട്ടിൽ നിന്നുള്ളവർ കൂടുതലായി എത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് വീണ്ടും പാസ് നിർബന്ധമാക്കിയതോടെ തമിഴ് സഞ്ചാരികളുടെ എണ്ണം കുറയും. രാവിലെയും വൈകിട്ടുമാണ് മൊട്ടക്കുന്നുകളിൽ സന്ദർശകരുടെ തിരക്ക് വർദ്ധിക്കുന്നത്. പകൽച്ചൂടിൽ നിന്നു ആശ്വാസം തേടാൻ ഉച്ചസമയങ്ങളിൽ ആളുകൾ പൈൻമരക്കാടുകളിൽ സമയം ചെലവഴിക്കുന്നു. സഞ്ചാരികളെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്ന വാഗമണ്ണിലെ വഴിയോര വ്യാപാര ശാലകളും ഇപ്പോൾ സജീവമാണ്. ലോക്ക് ഡൗൺ കാലത്ത് പൊളിഞ്ഞുകിടന്ന ഭൂരിഭാഗം കടകളും പുതുക്കിപ്പണിത് തുറന്നു. കൂടാതെ ടാക്‌സി സർവീസുകളും സജീവമായിട്ടുണ്ട്. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് ഓഫ് റോഡ് സവാരിക്ക് നിയന്ത്രണമുണ്ടെങ്കിലും ടാക്‌സി ജീപ്പുകളിൽ പ്രധാന സ്ഥലങ്ങളെല്ലാം ചുറ്റിസഞ്ചരിച്ചാണ് ആളുകൾ മടങ്ങുന്നത്. അഡ്വഞ്ചർ പാർക്ക് തുറന്നിട്ടുണ്ടെങ്കിലും പാരാഗ്ലൈഡിംഗ് മാത്രമാണ് ഇപ്പോഴുള്ളത്. മാസങ്ങളോളം അടഞ്ഞുകിടന്നതിനാൽ അറ്റകുറ്റപ്പണിക്കുശേഷമേ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുകയുള്ളൂ. പാർക്കിലെത്തുന്നവർക്ക് വാച്ച് ടവറിൽ കയറി കാഴ്ചകൾ കാണാം. പാരാഗ്ലൈഡിംഗ് എല്ലാദിവസവും ഉണ്ടെങ്കിലും കോടമഞ്ഞും ശക്തമായ കാറ്റും മൂലം ചില സമയങ്ങളിൽ നിറുത്തിവയ്ക്കുന്നുണ്ട്.


അഞ്ചുരുളിയും അയ്യപ്പൻകോവിലും സജീവം

വിനോദ സഞ്ചാര കേന്ദ്രങ്ങളായ അഞ്ചുരുളിയിലും അയ്യപ്പൻകോവിൽ തൂക്കുപാലത്തും സന്ദർശകരുടെ തിരക്ക് വർദ്ധിച്ചിട്ടുണ്ട്. തദ്ദേശീയരായ ആളുകളാണ് രാവിലെയും വൈകിട്ടും ഇവിടങ്ങളിൽ എത്തുന്നത്. പകൽച്ചൂട് വർദ്ധിച്ചിട്ടുള്ളതിനാൽ ഉച്ചസമയങ്ങളിൽ തിരക്ക് കുറവാണ്. ഇടുക്കി ജലാശയത്തിന്റെ വിദൂരക്കാഴ്ചകളും ഇരട്ടയാർ ഡാമിൽ നിന്നു വെള്ളം എത്തുന്ന ടണലുമാണ് അഞ്ചുരുളിയുടെ പ്രധാന പ്രത്യേകതകൾ. നിരവധിപേർ കുടുംബത്തോടൊപ്പം വൈകുന്നേരങ്ങളിൽ ഇവിടെയെത്തുന്നുണ്ട്. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നുകിടക്കുന്നതിനാൽ അയ്യപ്പൻകോവിൽ തൂക്കുപാലം കാണാനെത്തുന്നവർ നിരവധിയാണ്. കൂടാതെ പുരാതന അയ്യപ്പൻകോവിൽ ശ്രീധർമശാസ്താ ക്ഷേത്രവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുകയാണ്. ആളുകൾക്ക് ക്ഷേത്രത്തിലേക്ക് എത്താൻ പ്രത്യേക നടപ്പാത നിർമിച്ചിട്ടുണ്ട്.