
കോട്ടയം: മാലിന്യ സംസ്കരണ രംഗത്ത് ജില്ലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി ഹരിത കേരളം മിഷൻ . മാലിന്യ സംസ്ക്കരണം, മണ്ണ് - ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിൽ ഊന്നിയുള്ള പ്രവർത്തനങ്ങളാണ് മിഷൻ നടപ്പിലാക്കിയത്.
"ഇനി ഞാൻ ഒഴുകട്ടെ " എന്ന നീർച്ചാൽ പുനരുജ്ജീവന യജഞത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 170 കിലോ മീറ്റർ തോടുകളാണ് വീണ്ടെടുത്തത്. വേനലിൽ ജലലഭ്യത ഉറപ്പു വരുത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശുചീകരിച്ച ജലാശയങ്ങളിൽ നീരൊഴുക്ക് നിലനിറുത്താനുള്ള പദ്ധതികൾക്കൊപ്പം തടയണ നിർമ്മാണം, പുഴയോരങ്ങളിൽ വൃക്ഷ തൈകൾ നടൽ എന്നിവയും നടത്തി . പുഴയുടെ ഹൃദയത്തുടിപ്പുകൾ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ മണിമലയാറിന്റെയും ചിറ്റാർപുഴയുടെയും തീരങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ' പുഴ നടത്തം" പോലുള്ള പരിപാടികൾ സംഘടിപ്പിച്ചു.
നീർത്തട മാസ്റ്റർ പ്ലാൻ സംസ്ഥാനത്ത് ആദ്യമായി പൂർത്തീകരിച്ചത് കോട്ടയം ജില്ലയിലാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ 1,34,636 മഴക്കുഴികൾ നിർമ്മിക്കുകയും 970 കിണർ റീചാർജു ചെയ്യുകയുമുണ്ടായി.
വിദ്യാർത്ഥികളെ പ്രകൃതിയുമായി ഇണക്കി വളർത്തുക എന്ന ലക്ഷ്യത്തോടെ 40 ഹരിത വിദ്യാലയങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷി ശലഭോദ്യാനം, വൃക്ഷ തൈ പരിപാലനം, ഗ്രീൻ പ്രോട്ടോക്കോൾ പൂന്തോട്ട നിർമ്മാണം, ജൈവ ബിൻ നിർമ്മാണം, പേപ്പർ പേന നിർമ്മാണം, ഹരിത ക്ലബ്ബുകൾ, മത്സ്യക്കുളം നിർമ്മാണം തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ഹരിതവിദ്യാലയം കേന്ദ്രീകരിച്ച് നടക്കുന്നു.
26 ജല പരിശോധനാ ലാബുകൾ
ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം ജല മലനീകരണം കുറയ്ക്കുന്നതിനും ഗുണനിലവാര പരിശോധനയ്ക്കും 26 പരിശോധനാ ലാബുകൾ സജ്ജമാക്കി. തിരഞ്ഞെടുക്കപ്പെട്ട ഹയർ സെക്കൻഡറി സ്ക്കൂളുകളിലെ രസതന്ത്ര ലാബുകളോട് അനുബന്ധിച്ചാണ് ജലഗുണനിലവാര പരിശോധനാ ലാബുകൾ പ്രവർത്തിക്കുക. കുറഞ്ഞ ചെലവിൽ പൊതു ജനങ്ങൾക്ക് ജലഗുണനിലവാര പരിശോധനയ്ക്ക് സംവിധാനം ഒരുക്കുക, തുറന്ന കിണറുകൾ ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിൽ എത്തിക്കുക ,ജലജന്യ രോഗങ്ങൾ നിയന്ത്രിക്കുക തുടങ്ങി ലക്ഷ്യങ്ങളിൽ ഊന്നിയാണ് ജലഗുണനിലവാര പരിശോധനാ ലാബുകൾ സ്ഥാപിക്കുന്നത്.
170 കിലോമീറ്റർ
തോടുകൾ
വീണ്ടടുത്തു
പ്രവർത്തനങ്ങൾ
 71 തദ്ദേശ സ്ഥാപനങ്ങളിലായി 1865 ഹരിതകർമ്മ സേനാംഗങ്ങൾ
 65 തദ്ദേശ സ്ഥാപനങ്ങളിൽ മാലിന്യ ശേഖരണത്തിന് 965 സെന്ററുകൾ
 ജൈവ നെൽകൃഷിയിലും തരിശുനില കൃഷിയിലും നിരവധി പ്രവർത്തനങ്ങൾ
 ജില്ലയിലെ 115 വാർഡുകൾ ഹരിതസമൃദ്ധി വാർഡുകളായി പ്രഖ്യാപിച്ചു
 സ്വാഭാവിക വനമാതൃകകളായി 130 പച്ചത്തുരുത്തുകൾ പൂർത്തീകരിച്ചു.