seeliya

കോട്ടയം: കൊവിഡ് മഹാമാരിയിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് പൊലിമ കുറവാണെങ്കിലും നക്ഷത്രങ്ങൾ ക്കു സമാനമായി ക്രിസ്മസ് റീത്തുകളും ഒരുങ്ങുന്നു. കോട്ടയം കീഴ്ക്കുന്ന് സ്വദേശി സീലിയ ബാസ്റ്റിനാണ് ഇത്തരത്തിൽ വ്യത്യസ്തമായ ക്രിസ്മസ് റീത്തുകൾ ഒരുക്കുന്നത്. ഡിസംബർ തുടങ്ങുമ്പോൾ യൂറോപ്യൻ രാജ്യങ്ങളിലെ വീടുകളുടെ വാതിലുകളിൽ ക്രിസ്മസിന്റെ വരവറിയിച്ചുകൊണ്ട് റീത്തുകൾ തൂക്കുക പതിവാണ്. കേരളത്തിലും ഈ രീതി ഇപ്പോൾ വ്യാപകമായിക്കൊണ്ടിരിക്കുന്നു.

ഡ്രൈ ഫ്‌ളവർ, എവർഗ്രീൻ ലീഫ്, മുള്ളുകൾ, ഉണങ്ങിയ പഴങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് വിദേശരാജ്യങ്ങളിൽ റീത്തുകൾ നിർമ്മിക്കുന്നത്. എന്നാൽ കൂടുതൽ നാൾ ഉപയോഗിക്കാൻ വേണ്ടി പ്ലാസ്റ്റിക്, പൈൻ ഇലകൾ എന്നിവയാണ് സീലിയ റീത്തിനായി ഉപയോഗിക്കുന്നത്. മുൻ വർഷങ്ങളിൽ പള്ളിയിലെ ആവശ്യത്തിന് റീത്തുകൾ നിർമ്മിച്ചിരുന്നു. ഇതു കണ്ട് പലരും ആവശ്യപ്പെട്ടതോടെയാണ് വ്യാപകമായി നിർമ്മാണം തുടങ്ങിയത്. ചെറുകമ്പികൾ വളച്ചുകെട്ടി പ്ലാസ്റ്റിക് കൊണ്ടുള്ള ഇലകളും മറ്റും അതിൽ പിടിപ്പിക്കുകയാണ് ചെയ്യുന്നത്.

വിപണിയിൽ ഡ്രൈ ഫ്‌ളവേഴ്‌സ് ലഭ്യമാണെങ്കിലും വില കൂടുതലാണ്. നിലവിൽ വിപണിയിൽ വ്യത്യസ്ത വലിപ്പത്തിലുള്ളതും വിവിധ തരത്തിലുമുള്ള റീത്തുകൾ ലഭ്യമാണ്. 300 രൂപ മുതൽ ഇവ ലഭിക്കും. ക്രിസ്മസ് കഴിഞ്ഞാലും ഇവ വീടുകളിൽ അലങ്കാരവസ്തുവായി വയ്ക്കാം.

ക്രിസ്മസ് റീത്ത് ചരിത്രം

പുരാതന റോമിൽ ജനങ്ങൾ വിജയത്തിന്റെ അടയാളമായി അലങ്കരിച്ച റീത്തുകൾ വീടുകളുടെ പ്രധാന കവാടത്തിൽ തൂക്കിയിട്ടിരുന്നു. കിഴക്കൻ യൂറോപ്പിൽ ശൈത്യകാലത്തെ വരവേൽക്കാനും പ്രത്യാശയുടെ ലക്ഷണമായും ദേവദാരു ഇലകൾ കൂട്ടിയിണക്കി റീത്തുകൾ ഉണ്ടാക്കിയിരുന്നു. പിൽക്കാലത്ത് ജർമനിയിലെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഇത് ക്രിസ്മസ് കാലത്ത് ഉപയോഗിക്കാൻ തുടങ്ങി.