
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണല്ലിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
16ന് രാവിലെ എട്ടുമുതൽ ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണ-സ്വീകരണ കേന്ദ്രങ്ങളിൽ തന്നെയാണ് വോട്ടെണ്ണൽ നടക്കുക.
വോട്ടെടുപ്പിനു ശേഷം യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന നടപടികൾ ഇന്നലെ പുലർച്ചെയോടെയാണ് പൂർത്തിയായത്. സീൽ ചെയ്ത സ്‌ട്രോംഗ് റൂമുകൾക്ക് കനത്ത കാവലും ഏർപ്പാടാക്കിയിട്ടുണ്ട്.
 എണ്ണൽ ഇങ്ങനെ
പരമാവധി എട്ട് പോളിംഗ് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന രീതിയിലാണ് വോട്ടെണ്ണൽ. ഒരു വാർഡിലെ എല്ലാ പോളിംഗ് ബൂത്തുകളിലെയും വോട്ടെണ്ണൽ ഒരു ടേബിളിൽ തന്നെയായിരിക്കും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും പോസ്റ്റൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുക. ജില്ലാ പഞ്ചായത്തിലെ പോസ്റ്റൽ വോട്ടുകൾ ജില്ലാ പഞ്ചായത്ത് ഹാളിൽ വരണാധികാരിയായ ജില്ലാ കളക്ടർ എണ്ണും.
കൗണ്ടിംഗ് ഹാളിലെ വോട്ടെണ്ണൽ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്‌ട്രോംഗ് റൂമിൽനിന്ന് കൺട്രോൾ യൂണിറ്റുകൾ എത്തിക്കുക. ത്രിതല പഞ്ചായത്തുകളിൽ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പർവൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളിൽ ഒരു കൗണ്ടിംഗ് സൂപ്പർവൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റുമാകും ഉണ്ടാകുക. വോട്ടെണ്ണൽ വിവരങ്ങൾ ട്രെൻഡ് സോഫ്റ്റ് വെയറിലൂടെ തത്സമയം അറിയാം.