
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പോളിംഗ് ശതമാനത്തിലെ കുറവ് വിവാദമഴയായി പെയ്യുകയാണ്. മുൻ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒന്നും രണ്ടു മല്ല ആറ് ശതമാനത്തിന്റെ കുറവാണ് കോട്ടയത്ത് ഉണ്ടായത്. ഇതിന് പിന്നിൽ 'പാരയോ 'അതോ 'കാലുവാരലോ' എന്ന് സംശയിച്ചു പോവുകയാണ് ചുറ്റുവട്ടത്തുള്ളവർ.
എല്ലാ തിരഞ്ഞെടുപ്പുകളിലും പോളിംഗ് ശതമാനത്തിൽ മുന്നിൽ നിൽക്കുന്ന കോട്ടയം ജില്ല ഇക്കുറി ഏറ്റവും പിന്നിലായിപോയതാണ് 'പാര' സംശയിക്കാൻ ഒരു കാരണം. യു.ഡി.എഫ് വിട്ട് കേരളകോൺഗ്രസ് ഇടതു പാളയത്തിലെത്തുകയും കീരിയും പാമ്പും പോലെ ജോസും ജോസഫും പരസ്പരം ഏറ്റു മുട്ടുകയും ചെയ്തപ്പോൾ പോളിംഗ് ശതമാനം ഉയരേണ്ടതാണ്. സംഭവിച്ചത് മറിച്ചാണ്. എൽ.ഡി.എഫും യു.ഡി.എഫും പോളിംഗ് കുറഞ്ഞതിന് കൊവിഡിനെ പഴി ചാരുന്നുണ്ടെങ്കിലും ഉള്ളിൽ തീയാണ്. കണക്കുകൂട്ടൽ പാളുന്നതിനാൽ പെട്ടി പൊട്ടിച്ച ശേഷം പറയാം എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്വാധീനമേഖലകളിൽ വോട്ടുകൾ മരവിച്ചുവെന്ന പ്രചാരണം ശക്തമാണ്. പാലായിലും സമീപ പ്രദേശങ്ങളിലും എൻ.സി.പി നേതാവ് മാണി സി. കാപ്പൻ പ്രചാരണത്തിൽ സജീവമല്ലായിരുന്നു. ഇടതു മുന്നണി അവഗണിച്ചുവെന്ന ആരോപണവുമായി കാപ്പൻ പരസ്യമായി രംഗത്തെത്തിയതോടെ കാലുവാരൽ ആരോപണവും ശക്തമായി. . 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് 79.04 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത് 2020ൽ 73.92 ശതമാനമായാണ് കുറഞ്ഞത്. കൊവിഡ് വ്യാപകമായതോടെ വിദേശത്തും അന്യസംസ്ഥാനങ്ങളിലുമുള്ള വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും നാട്ടിൽ എത്തിയിരുന്നു. ഇവരുടെ വോട്ട് കൂടി ചേരുമ്പോൾ പോളിംഗ് സ്വാഭാവികമായും ഉയരേണ്ടതായിരുന്നു. ജോസ് വിഭാഗം യു.ഡി.എഫ് വിട്ട ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇരുകേരളകോൺഗ്രസും നിലനിൽപ്പിനായുള്ള പോരാട്ടത്തിനിറങ്ങിയപ്പോൾ പോളിംഗ് ശതമാനവും ഉയരുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ കേരള കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ പോലും പോളിംഗ് വർദ്ധിച്ചില്ല. കേരളകോൺഗ്രസ് പിളർന്നതിൽ അസംതൃപ്തരായവർ വോട്ട് ചെയ്യാതിരുന്നോ? . ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതിൽ അസംതൃപ്തിയുള്ള വോട്ടർമാർ നിസംഗത പാലിച്ചുവോ തുടങ്ങിയ സംശയം ബലപ്പെടുന്നു. കേരള കോൺഗ്രസ് ശക്തി കേന്ദ്രമായ പാലാ, കടുത്തുരുത്തി പ്രദേശങ്ങളിൽ പോളിംഗ് ശതമാനം ഉയർന്നില്ല. പാലാ നഗരസഭയിൽ ആറു ശതമാനവും ഉഴവൂർ ബ്ലോക്കിൽ അഞ്ചു ശതമാനവും കടുത്തുരുത്തി, ചങ്ങനാശേരി എന്നിവിടങ്ങളിൽ നാല് ശതമാനവും പോളിംഗ് കുറവുണ്ടായി. ഇതു ചർച്ചാ വിഷയമായിട്ടുണ്ട്. എന്നാൽ പോളിംഗ് ശതമാനക്കുറവ് തങ്ങളുടെ വിജയത്തെ ബാധിക്കില്ലെന്നായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം. പിറകേ അടുത്ത തിരഞ്ഞെടുപ്പിലും പാലാ നിയമസഭാ സീറ്റ് സ്വപ്നം കണ്ട് കഴിയുന്ന എൻ.സി.പി നേതാവ് മാണി സി. കാപ്പൻ വിമർശനവുമായി രംഗത്തെത്തിയതും ശ്രദ്ധേയമായി. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി എൻ.സി.പിയോട് നീതി പുലർത്തിയില്ലെന്നായിരുന്നു മാണി സി. കാപ്പൻ എം.എൽ.എയുടെ പരസ്യ വിമർശനം. എന്നാൽ പാലായിൽ പ്രചാരണത്തിനിറങ്ങിയില്ലെന്ന ആരോപണം ശരിയല്ലെന്നും ക്ഷണിച്ചിടത്ത് പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു . കൊവിഡ് വ്യാപനം ശക്തമായതാണ് പ്രചാരണത്തിൽ നിന്ന് അകന്നു നിൽക്കാൻ കാരണമെന്നും കാപ്പൻ പറയുമ്പോൾ എന്തെക്കെയോ ഉള്ളിൽ തികട്ടുന്നു. പാരയോ മുതു പാരയോ എന്ന് 16ന് പെട്ടി പൊട്ടിക്കുമ്പോൾ കാണാം.