 
അടിമാലി: കാട്ടാന ശല്യത്താൽ പൊറുതിമുട്ടി അടിമാലി കുരങ്ങാട്ടി മേഖലയിലെ നിരവധി കുടുംബങ്ങൾ. കൂട്ടമായെത്തുന്ന കാട്ടാനകളെ ഭയന്നാണ് കുടുംബങ്ങൾ വീടുകളിൽ കഴിഞ്ഞു കൂടുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ കാട്ടാനകൂട്ടം താണിക്കുഴിയിൽ കുട്ടിയമ്മ മത്തായിയുടെ വീട് തകർത്തു. സംഭവ സമയത്ത് വീട്ടിൽ താമസക്കാരുണ്ടായിരുന്നില്ല. വീട് വാസയോഗ്യമല്ലാത്ത വിധം ആനകൾ തകർത്തെന്ന് അയൽവാസികൾ പറഞ്ഞു. പ്രദേശത്ത് വലിയ രീതിയിൽ ഭീതി പരത്തിയാണ് കാട്ടാനക്കൂട്ടം മടങ്ങിയത്. കഴിഞ്ഞ കുറച്ച് നാളുകളായി ഈ പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്ന് കർഷകർ പറയുന്നു. ആനകൾ വ്യാപകമായി കൃഷിനശിപ്പിക്കുന്നുവെന്നാണ് പ്രാധാന പരാതി. ആനകൾ ജനവാസമേഖലയിലേക്ക് കടക്കാതിരിക്കാൻ വനംവകുപ്പ് അതിർത്തി മേഖലയിൽ ആദ്യം ഫെൻസിംഗും പിന്നീട് കിടങ്ങും തീർത്തതായി പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇവയുടെ പ്രയോജനം വേണ്ടവിധം ലഭിക്കണമെങ്കിൽ വനംവകുപ്പിന്റെ ഭാഗത്തു നിന്ന് ചില തുടർ പ്രവർത്തനങ്ങൾ കൂടി ഉണ്ടാകണമെന്നാണ് സമീപവാസികളുടെ ആവശ്യം. കൂട്ടമായെത്തുന്ന കാട്ടാനകൾക്ക് പുറമെ പ്രദേശത്ത് കാട്ടു പന്നി ശല്യവും രൂക്ഷമാണ്.