 
അടിമാലി: നെൽകൃഷി ഇനിയും പടിയിറങ്ങാത്ത അടിമാലി കുരങ്ങാട്ടി പാടശേഖരത്ത് വിളവെടുപ്പാരംഭിച്ചു. മലകൾക്ക് നടുവിൽ പരന്ന് കിടക്കുന്ന കുരങ്ങാട്ടി പാടശേഖരം സ്വർണ്ണനിറം പൂണ്ടു കഴിഞ്ഞു. മൂപ്പെത്തിയ നെൽക്കതിരുകൾ കാറ്റിലുലഞ്ഞ് കൊയ്ത്തുപാട്ടിന് കാതോർക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ വിളവെടുപ്പിനായി തങ്ങളുടെ പാടത്തിറങ്ങും. കുരങ്ങാട്ടിയിൽ പലരുടെ ഉടമസ്ഥതയിലായി നാൽപ്പതേക്കറോളം വരുന്ന പാടശേഖരത്ത് നെൽകൃഷിയുണ്ട്. ഇത്തവണ കാര്യമായി കാലാവസ്ഥ ചതിക്കാത്തതിനാൽ ഭേദപ്പെട്ട വിളവ് ലഭിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ഹൈറേഞ്ചിന്റെ പലമേഖലകളിൽ നിന്ന് നെൽകൃഷി പാടെ പടിയിറങ്ങിയെങ്കിലും വർഷാവർഷം മുടങ്ങാതെ പാടത്ത് വിത്തെറിയുന്ന ഒരു പറ്റം കർഷകർ കുരങ്ങാട്ടിയിലുണ്ട്. യു.എൻ.ഡി.പിയുടെയും കൃഷിഭവന്റെയുമെല്ലാം സഹകരണത്തോടെയാണ് കർഷകരിവിടെ നെൽകൃഷി മമ്പോട്ട് കൊണ്ടു പോകുന്നത്. കാട്ടുമൃഗ ശല്യമുൾപ്പെടെയുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ചു വേണം കർഷകർക്കിവിടെ കതിരു കാക്കാൻ. മലബാറിയും ഇത്തികണ്ടപ്പനും മല്ലിക്കുറവയും രക്തശാലിയുമൊക്കെയാണ് കർഷകർ കുരങ്ങാട്ടി പാടശേഖരത്തിറക്കിയിട്ടുള്ള പ്രധാന വിത്തിനങ്ങൾ. ആദ്യ കൃഷിക്ക് ശേഷം രണ്ടാം കൃഷിയിറക്കുന്ന കർഷകരും കുരങ്ങാട്ടിയിൽ ഉണ്ട്. മെച്ചപ്പെട്ട പ്രോത്സാഹനം നൽകിയാൽ കുരങ്ങാട്ടിയിലെ നെൽകൃഷി കൂടുതലായി വ്യാപിപ്പിക്കാൻ സാധിക്കും.