
പാലാ: ജോസൂട്ടിക്ക് മീശയുടെ പാതി പോകുമോ...? അതോ പോത്തൻ തല മൊട്ടയടിക്കേണ്ടി വരുമോ...? രണ്ടിലൊന്ന് 16 ന് വൈകിട്ട് നടക്കും. പാലാ നഗരസഭയിൽ യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ തൊഴിലാളി യൂണിയൻ നേതാവ് ജോസൂട്ടിയുടെ മീശയുടെ പാതി വടിക്കേണ്ടി വരും. ഇടതു മുന്നണി 22 സീറ്റിനു മേലെ പിടിച്ചാൽ പോത്തന്റെ തല മൊട്ടയാവും.
ഇടതു, വലതു മുന്നണികൾ പ്രത്യേകിച്ച് കേരളാ കോൺഗ്രസ് ജോസ് , ജോസഫ് വിഭാഗങ്ങൾ നേരിട്ട് ഏറ്റുമുട്ടിയ ത്രിതല പഞ്ചായത്തുകളിൽ പരസ്പരമുള്ള പന്തയങ്ങളും പതിന്മടങ്ങ് വാശിയിലാണ്.
നഗരസഭാ 22ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥി ബിന്ദു സജി ജയിച്ചാൽ സന്തോഷ് പാറയിൽ പാലാ നഗരസഭാ സ്റ്റേഡിയത്തിൽ 'നേർച്ച നടത്തം' നടക്കും. ബിന്ദു സജിയെ ജയിപ്പിച്ച ജനങ്ങൾക്ക് ആശംസകൾ എന്നെഴുതിയ ബനിയൻ ധരിച്ചായിരിക്കും നടത്തം.
മുത്തോലി പഞ്ചായത്തിലെ ഏഴാം വാർഡിൽ ചേട്ടനും അനുജനും പോരടിച്ച മത്സരത്തിൽ യുവാക്കളുടെ രണ്ട് സംഘങ്ങൾ തമ്മിൽ മുട്ടനാടിനെ കൈമാറാം എന്നാണ് പന്തയം.
ജയ പരാജയങ്ങൾക്ക് മാത്രമല്ല, ഭൂരിപക്ഷത്തിന്റെ കണക്കിനെച്ചൊല്ലി ഒരേ കക്ഷികളിലെ അംഗങ്ങൾ തമ്മിൽ പോലും പന്തായം വച്ചിട്ടുണ്ട്. നഗരസഭ 15ാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ ഭൂരിപക്ഷം 200 കടക്കുമെന്ന് അജിത് കുമാർ. 150നും 200നും ഇടയ്ക്കായിരിക്കുമെന്ന് സുഹൃത്ത് ജോബിയും. ഇതിൽ ജയിക്കുന്നയാൾക്ക് പന്തയം തെറ്റുന്നയാൾ തുടർച്ചയായി 3 ദിവസം ബിരിയാണി വാങ്ങി നൽകണം !
രാമപുരത്ത് യു.ഡി.എഫ്. അധികാരത്തിലേറിയാൽ കേരളാ കോൺഗ്രസ്സ് ജോസ് വിഭാഗം നേതാവ് ജയചന്ദ്രൻ നായർ ഏഴാച്ചേരി മുതൽ രാമപുരം വരെ 4 കിലോമീറ്റർ 'മോണിംഗ് വാക്ക് ' നടത്തണം; എൽ.ഡി.എഫ്. കസേര കൈയടക്കിയാൽ കോൺഗ്രസ്സുകാരൻ കൃഷ്ണകുമാറിന് ഈ ദൂരം നടക്കേണ്ടി വരും.
ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തിലേക്ക് ഒരേ സമയം മത്സരിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാനാർത്ഥി സുനിൽ ആലഞ്ചേരിൽ സ്വയം ഒരു ശപഥമെടുത്തിരിക്കുകയാണ്; മൂന്നിടത്തും 25 വോട്ടിൽ കുറഞ്ഞാൽ തല മൊട്ടയടിക്കും.
മീനച്ചിൽ പഞ്ചായത്തിലെ പൈക വാർഡിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി സാംജി പഴേപറമ്പനും സുഹൃത്ത് വിനയനും തമ്മിൽ ഒരു വ്യത്യസ്ത പന്തയമുണ്ട്. സാംജി തോറ്റാൽ രണ്ടു മണിക്കൂർ ചെവിയിൽ ചെമ്പരത്തി പൂവ് തിരുകണം. അഥവാ സാംജി ജയിച്ചാൽ വിനയൻ അന്നു മുഴുവൻ രണ്ട് ചെവിയിലും ചെമ്പരത്തിപ്പൂവ് വയ്ക്കണം.
ഇപ്രകാരം പൂവൻകോഴി, ബ്രാണ്ടി, നാല് നേരം മൃഷ്ടാന്ന ഭോജനം തുടങ്ങി ഷർട്ടും മുണ്ടും മുതൽ മൊബൈൽ ഫോൺ വരെ പന്തയം വച്ചവരുമുണ്ട് .