
കോട്ടയം: രണ്ടാം നാൾ വോട്ടെണ്ണൽ പുലരി പൂക്കുമ്പോൾ ആത്മവിശ്വാസത്തിന്റെ മുഖം മൂടിയണിഞ്ഞിട്ടുണ്ട് സ്ഥാനാർത്ഥികൾ. ചിലർ ക്വാറന്റൈനിലാണ്. മറ്റ് ചിലർ പതിവ് തൊഴിലിലേയ്ക്കിറങ്ങി. ഒരു സ്ഥാനാർത്ഥി വിവാഹിതനുമായി. ആരും ഉള്ളിലെ അങ്കലാപ്പ് പുറത്തു കാട്ടുന്നില്ല.
നാട്ടിലെ കല്യാണ, മരണ വീടുകളിൽ പതിവ് ചിരിയുമായി സ്ഥാനാർത്ഥികളും നേതാക്കൻമാരുമുണ്ട്. തോറ്രാലും ജയിച്ചാലും തിരഞ്ഞെടുപ്പ് ഒരു അനുഭവാണെന്നാണ് ഭൂരിഭാഗം സ്ഥാനാർത്ഥികളും പറയുന്നത്.
ഒരു ഡസനിലേറെ നേതാക്കൻമാരും സ്ഥാനാർത്ഥികളും ഇപ്പോൾ ക്വാറന്റൈനിലാണ്. ചിലർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിനും കനത്ത പോളിംഗിനും ശേഷം കണക്കെടുപ്പിലാണ് മുന്നണികളെല്ലാം. ഇനി സസ്പെൻസ് തീരാൻ അധിക സമയമില്ലാത്തതിനാൽ കാത്തിരിക്കുകയാണ് എല്ലാവരും. 16ന് ഉച്ചയ്ക്ക് മുൻപേ ജില്ലയുടെ വിജയ ചിത്രം തെളിയും. തങ്ങളുടെ വോട്ടുകളെല്ലാം പെട്ടിയിലായെന്ന് എല്ലാവരും അവകാശ വാദം ഉന്നയിക്കുമ്പോഴും താഴ്ന്ന പോളിംഗ് ശതമാനത്തിലെ ആശങ്ക മുന്നണികളെ ടെൻഷനടിപ്പിക്കുന്നുണ്ട്.
 കൊവിഡ് നിസാരമല്ല
തിരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ മത്സരിച്ചവർക്ക് രോഗം സ്ഥിരീകരിച്ചു. എല്ലാ പാർട്ടികളുടേയും നേതാക്കൾക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇവരെല്ലാം വീടുകൾ കയറിയിറങ്ങിയതിനാൽ വോട്ടർമാരും ആശങ്ക മറച്ചുവയ്ക്കുന്നില്ല. സ്വന്തം നിലയിൽ ആന്റിജൻ പരിശോധന നടത്തുന്ന വോട്ടർമാരും ഏറെയാണ്.
 വോട്ടുപിടിത്തം പിന്നെ താലിചാർത്തൽ
കുറിച്ചി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. വൈശാഖിന്റെ വിവാഹം കഴിഞ്ഞത് 12ന്. 10വരെ തിരഞ്ഞെടുപ്പിന്റെ തിരക്ക്. വിവാഹ വസ്ത്രം വാങ്ങിയത് പോലും കല്യാണത്തലേന്ന്. ഒരു വർഷം മുൻപ് നിശ്ചയിച്ച കല്യാണത്തിനിടയ്ക്ക് അപ്രതീക്ഷിതമായി സ്ഥാനാത്ഥിയായപ്പോൾ മറ്റ് കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല. ഇനി ഹണിമൂണിന് പോവേണ്ട സമയത്ത് തിരഞ്ഞെടുപ്പ് ഫലം വരും.
 വോട്ട് കണക്ക് മാത്രമല്ല
ഇതുവരെ വോട്ടുശതമാനക്കണക്കായിരുന്നു കൂട്ടിയതെങ്കിൽ ഇപ്പോൾ ചെലവായ തുകയുടെ കണക്കൊപ്പിക്കാനുള്ള പാടുപെടലാണ്. ജനുവരി 16നുള്ളിൽ തിരഞ്ഞെടുപ്പ് കണക്കുകൾ നിശ്ചിത ഫോമിൽ വൗച്ചറും രസീതും സഹിതം ഹാജരാക്കണം. ഇല്ലെങ്കിൽ പണി കിട്ടും. കണക്ക് കൊടുത്തില്ലെങ്കിൽ മാത്രമല്ല കണക്ക് കൂടിയാലും അയോഗ്യതയാകും.