
കുമരകം: യാക്കോബായ സുറിയാനി സഭാ മെത്രാപ്പോലീത്തൻ സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസിന്റെ നേതൃത്വത്തിൽ തിരുവാർപ്പ് മർത്തശ്മുനി യക്കോബായ സുറിയാനി പള്ളിയിലേക്ക് അവകാശ സംരക്ഷണ യാത്ര നടത്തി. പള്ളി നഷ്ടപ്പെട്ടതിനു ശേഷം ആരാധന നടത്തി വരുന്ന താല്ക്കാലിക ചാപ്പലിൽ നിന്ന് ഇന്നലെ രാവിലെ ആരംഭിച്ച യാത്ര ദേവാലയത്തിനു സമീപം പൊലീസ് തടഞ്ഞു . തുടർന്ന് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ ദേവാലയത്തിനു മുന്നിലുള്ള കുരിശടിയിൽ ധൂപപ്രാർത്ഥന നടത്തി . നൂറു ശതമാനവും യാക്കോബായ വിശ്വാസികൾ മാത്രം ഉണ്ടായിരുന്ന പള്ളിയിലെ രണ്ടു പേരെ സ്വാധീനിച്ച് അന്യായമായി പള്ളി പൂട്ടിച്ചതു മൂലം കുർബാന മുടങ്ങിയിരിക്കുകയാണെന്നും കാലങ്ങളോളം പള്ളിയിൽ പൊലീസ് കാവൽ സാദ്ധ്യമല്ലെന്നും യഥാർത്ഥ അവകാശികൾക്ക് പള്ളിയിൽ ആരാധന നടത്താൻ ജനകീയ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. കുഞ്ഞ് ഇല്ലം പള്ളി, കോട്ടയം ഭദ്രാസന വൈദിക സെക്രട്ടറി ഫാ.കുര്യാക്കോസ് കടവും ഭാഗം പള്ളി വികാരിമാരായ ഫാ.സഞ്ചു മാനുവേൽ കിടങ്ങേത്ത് , ഫാ.തോമസ് കുര്യൻ കണ്ടാന്തറ തുടങ്ങിയവർ അവകാശ സംരക്ഷണ യാത്രയിൽ സംബന്ധിച്ചു. പള്ളിക്ക് പൊലീസ് സംരക്ഷണം നൽകി .