
പാലാ: 'അമ്പലപ്പുറത്തമ്മയെ 'തൊഴുതു പ്രാർത്ഥിക്കാനെത്തുന്നവർ ഇനി കൊവിഡിന്റെ 'പുരാണം' വായിക്കും! പാലാ അമ്പലപ്പുറത്ത് ശ്രീഭഗവതീ ക്ഷേത്രകവാടത്തിലാണ് 'കൊവിഡ് സ്മാരക ഗോപുരം' ഉയരുന്നത്. കേരളത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു സംരംഭം.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ നിർദ്ദേശപ്രകാരം ലോകത്തെ ആരാധനാലയങ്ങൾ അടച്ചിട്ട തീയതി മുതൽ, കൊവിഡിന്റെ തുടക്കം, വ്യാപനം, ഇതുമൂലം ഇതുവരെ മരണമടഞ്ഞവരുടെ കണക്ക് തുടങ്ങിയവ രേഖപ്പെടുത്തും.കൊവിഡിന്റെ ചിഹ്നത്തിനൊപ്പം ക്ഷേത്രഗോപുരവാതിൽകൂടി ഉൾപ്പെടുന്നതാണ് സ്മാരകം.
ക്ഷേത്രശില്പി തൊടുപുഴ എ.എം.മനോജിന്റെ നേതൃത്വത്തിലാണ് നിർമ്മാണം.ബുധനാഴ്ച ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്കുശേഷം നിർമ്മാണമാരംഭിക്കും. ഡിസംബർ 21നാണ് ളാലം ക്ഷേത്രോത്സവത്തിന്റെ കൊടിയേറ്റ്. അന്ന് കൊവിഡ് സ്മാരകത്തിന്റെ സമർപ്പണം നടത്താനാണ് ശ്രമം. പാലാ ളാലം ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ഉപദേവാലയമാണിത്.
'ലോകത്തുള്ള സർവ ആരാധനാലയങ്ങളും കൊവിഡിന്റെ പേരിൽ അടച്ചിടേണ്ടിവന്നു. പണ്ട് വസൂരി പടർന്നു പിടിച്ചപ്പോൾ തൃശൂർ ക്ഷേത്രവും മറ്റും അടച്ചിട്ടതായി കേട്ടു കേൾവിയുണ്ട്. പക്ഷേ, കൊവിഡിന്റെ കാലത്തെ ഈ അടച്ചിടൽ ലോകത്തെ സർവ മതവിശ്വാസ സമൂഹമാകെ നേരിട്ട ആദ്യ അനുഭവമാണ്. ഈ ചരിത്രം വരും തലമുറ അറിയണം. അതിനായാണ് ക്ഷേത്ര കവാടത്തിൽ തന്നെ കൊവിഡ് സ്മാരക ഗോപുരം പണിതുയർത്തുന്നത് 'ളാലം ക്ഷേത്രോപദേശക സമിതി രക്ഷാധികാരി അഡ്വ. രാജേഷ് പല്ലാട്ട്, പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ, സെക്രട്ടറി നാരായണൻ കുട്ടി അരുൺ നിവാസ് എന്നിവർ പറഞ്ഞു.
മുന്നോടിയായി മൂന്നു പതിറ്റാണ്ടായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന അമ്പലപ്പുറത്ത് കാവ് റോഡിന്റെ ടാറിംഗ് ഇന്നലെ ആരംഭിച്ചു.