scoters

അടിമാലി: ടു സ്റ്റോക്ക് ക്ലാസിക്ക് സ്‌കൂട്ടറുകളിപ്പോഴും നിരത്തിൽ സജീവമെന്ന് തെളിയിച്ച് കോട്ടയം ക്ലാസിക് സ്‌കൂട്ടേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൂര്യനെല്ലിലേക്കുള്ള സ്കൂട്ടറുകളിലെ യാത്ര നാട്ടുകാർക്ക് കൗതുകമായി. ടു സ്റ്റോക്ക് ക്ലാസിക്ക് സ്‌കൂട്ടറുകളുമായി കോട്ടയത്തു നിന്നുമായിരുന്നു ക്ലബ്ബാംഗങ്ങൾ കിലോമീറ്ററുകൾ താണ്ടി സൂര്യനെല്ലിയിലേക്കെത്തിയത്.ചേതക്ക്,ലാമ്പി,വിജയി സൂപ്പർ,ഇറ്റാലിയൻസ് വെസ്പ,പ്രിയ തുടങ്ങി ഒരു കാലത്ത് നിരത്തുകളിൽ പ്രതാപത്തോടെ നിറഞ്ഞ് നിന്നിരുന്ന ടൂ സ്റ്റോക്ക് ക്ലാസിക്ക് സ്‌കൂട്ടറുകൾ വീണ്ടും കിതക്കാതെ മലയിടുക്കുകളിലൂടെ മുരണ്ടെത്തിയത് പിന്നിട്ട വഴികളിലെല്ലാം കൗതുക കാഴ്ച്ചയായി. ത്രി സ്റ്റോക്കിലുള്ള സ്കൂട്ടറുകൾ മാത്രം വിപണിയിലിറങ്ങുന്ന ഇക്കാലത്ത് പഴയടു സ്റ്റോക്ക് ക്ലാസിക്ക് സ്‌കൂട്ടറുകളുടെ പ്രചാരം യുവാക്കളിലേക്കെത്തിക്കുന്നതിനൊപ്പം ക്ലബ്ബിന്റെ നാലാംവാർഷികാഘോഷങ്ങളുടെ ഭാഗമായി കൂടിയായിരുന്നു ക്ലബ്ബാംഗങ്ങളുടെ കോട്ടയം -സൂര്യനെല്ലി യാത്ര. 6 സ്‌കൂട്ടറുകളുമായി ആരംഭിച്ച ക്ലബ്ബിലിപ്പോൾ ഇരുന്നൂറോളം അംഗങ്ങളുണ്ട്.1970 മുതൽ 2005 വരെയുള്ള കാലത്തെ വിവിധ മോഡലുകൾ സ്വന്തമായുള്ളവരാണ് ക്ലബ്ബാംഗങ്ങൾ.ടു സ്റ്റോക്ക് ക്ലാസിക്ക് സ്‌കൂട്ടറുമായി ഓൾ ഇന്ത്യ യാത്രക്ക് തയ്യാറെടുക്കുന്നവരും ക്ലബ്ബിലുണ്ട്.എല്ലാവരും തങ്ങളുടെ വാഹനങ്ങൾ ഇപ്പോഴും പരിപാലിച്ച് പോരുന്നു.മുമ്പ് തുച്ഛവിലക്ക് ലഭിച്ചിരുന്ന ടു സ്റ്റോക്ക് ക്ലാസിക്ക് സ്‌കൂട്ടറുകൾക്കിന്ന് പൊന്നുവിലയെന്ന അഭിപ്രായമാണ് ക്ലബ്ബാംഗങ്ങൾക്കുള്ളത്.ക്ലാസിക്ക സ്‌കൂട്ടറുകളുടെ പാട്‌സെത്തിക്കുന്നതിനൊപ്പം സർവ്വീസിങ്ങിന് വേണ്ടുന്ന സൗകര്യങ്ങളും കോട്ടയം ക്ലാസിക് സ്‌കൂട്ടേഴ്‌സ് ക്ലബ്ബ് ലഭ്യമാക്കുന്നുണ്ടന്ന് ഭാരവാഹികൾ പറഞ്ഞു.