
കുമരകം: കൗതുകവും വിസ്‌മയവുമായി കേരളത്തിലെ ആദ്യ റോൾസ് റോയ്സ് ടാക്സി കുമരകത്തെത്തി. ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ബോബി ഓക്സിജൻ റിസോർട്ട് പാക്കേജിന്റെ ഭാഗമായാണ് ആഡംബര ടാക്സി സർവീസ്. റോൾസ് റോയിസിന്റെ14 കോടി രൂപ വിലയുള്ള ഫാന്റം എക്സ്റ്റൻഡഡ് വീൽബേസ് പതിപ്പാണ് ഇന്നലെ രാവിലെ കുമരകം അബാദ് ഹോട്ടലിൽ എത്തിച്ചത്.
കുമരകം ചന്തക്കവലയിൽ കാർ ഗതാഗതക്കുരുക്കിൽ പെട്ടപ്പോൾ കാൽനടക്കാർ ചുറ്റുംകൂടി. ചിലർ വാഹനങ്ങൾ നിർത്തി, കാറിനടുത്തെത്തി ഡ്രൈവറോട് പ്രത്യേകതകൾ തിരക്കി. ചിലർ റോൾസ് റോയ്സിനൊപ്പം നിന്ന് സെൽഫി എടുത്തു.
6.75 ലിറ്റർ ട്വിൻ ടർബോ ചാർജ്ഡ് വി 12 എൻജിനാണ് കാറിന്. 5.3 സെക്കൻഡ് 100 കിലോമീറ്റർ വേഗം കൈവരിക്കും. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ. അതിവേഗ ട്രാക്കുകളിൽ വേഗം ഇതിലും കൂടും. 25,000 രൂപയ്ക്ക് രണ്ടു ദിവസത്തേക്ക് 300 കിലോമീറ്റർ റോൾസ് റോയ്സ് സവാരിയും ബോബി ഓക്സിജന്റെ 28 റിസോർട്ടുകളിലൊന്നിൽ താമസവും അടങ്ങുന്നതാണ് പാക്കേജ്.