
പാലാ: ജയിപ്പിക്കണേ ഈശ്വരാ.....! കൊവിഡിനും ഫലമറിയാനുള്ള ആകാംക്ഷയ്ക്കുമിടയിൽ സ്ഥാനാർത്ഥികൾക്ക് നേർച്ചകളുടെ തിരക്ക്. ക്ഷേത്രമെന്നോ പള്ളിയെന്നോ വ്യത്യാസമില്ലാതെ, ജാതിമത ഭേദമെന്യേ മിക്ക സ്ഥാനാർത്ഥികളും അവരുടെ അടുപ്പക്കാരും വിവിധ ആരാധനാലയങ്ങളിൽ നേർച്ചകൾ ഒരുപാട് നേർന്നിട്ടുണ്ട്.
രാമപുരം പഞ്ചായത്തിലെ ഗാന്ധിപുരം, ജി.വി., ഏഴാച്ചേരി , വാർഡുകളിൽ മത്സരിച്ച ഇടതുവലതു മുന്നണി സ്ഥാനാർത്ഥികളുടേയും പ്രധാന സ്വതന്ത്ര സ്ഥാനാർത്ഥികളുടേയും നേർച്ച ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിലാണ്. വിജയിക്കുകയും പിന്നീട് പാലാ നഗരസഭാ ചെയർമാനാവുകയും ചെയ്യുന്ന ദിവസം കാവിൻ പുറം ക്ഷേത്രത്തിൽ തുലാഭാരം നടത്താമെന്നാണ് ഒരു ഇടതു മുന്നണി സ്ഥാനാർത്ഥിയുടെ നേർച്ച.
നഗരസഭയിൽ ഇടതുവലതു മുന്നണികളിലും സ്വതന്ത്രരായും മത്സരിച്ച നാൽപ്പതോളം പേർ പാലാ കുരിശുപള്ളി മാതാവിനു മുന്നിൽ മെഴുകുതിരി തെളിയിക്കാമെന്നാണ് നേർന്നിട്ടുള്ളത്.
2005, 2010, 2015 വർഷത്തെ മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച പാലാ നഗരത്തിലെ ഒരു സ്ഥാനാർത്ഥി സഹപ്രവർത്തകർക്കൊപ്പം പളനിയിൽ തീർത്ഥാടനം നടത്തി തല മുണ്ഡനം ചെയ്തിരുന്നു. ഇത്തവണയും ഈ വഴിപാട് നേർന്നിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥികൾ നേരിട്ട് നേർച്ച നേർന്നതിനൊപ്പം പലർക്കുമായി ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വെവ്വേറെ വഴിപാടുകളും ബുക്ക് ചെയ്തിട്ടുണ്ട്. കുർബാന, ബൈബിൾ പാരായണം, മെഴുകുതിരി കത്തിക്കൽ എന്നിവയാണ് പള്ളികളിൽ പ്രധാനം.
പാലാ കിഴതടിയൂർ പള്ളി, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, പാലാ ളാലം മഹാദേവക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പൂഞ്ഞാർ മങ്കുഴി ക്ഷേത്രം, ഭരണങ്ങാനം അൽഫോൻസാ പള്ളി, രാമപുരത്ത് കുഞ്ഞച്ചന്റെ കബറിടം, രാമപുരം നാലമ്പലങ്ങൾ, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതീ ക്ഷേത്രം, കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മഹാഗണപതീ ക്ഷേത്രം, മള്ളിയൂർ ക്ഷേത്രം, അന്തീനാട് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്കും നിരവധി സ്ഥാനാർത്ഥികൾ നേർച്ച നേർന്നിട്ടുണ്ട്. ജനങ്ങൾക്കൊപ്പം ഈശ്വരന്മാർ കൂടി കനിഞ്ഞാലെ ഭാഗ്യ വിജയമുണ്ടാകൂ എന്ന് കരുതുന്ന സ്ഥാനാർത്ഥികളിൽ മുന്നണി വ്യത്യാസങ്ങളേതുമില്ല.