കട്ടപ്പന: ഹൈറേഞ്ചിന്റെ കോട്ട ആര് പിടിക്കുമെന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നതാണ് കട്ടപ്പന നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലം. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും 74.57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതിനാൽ മുന്നണികൾ വിജയപ്രതീക്ഷയിലാണ്. വികസന നേട്ടങ്ങളും ഭരണകാലയളവിൽ ലഭിച്ച പുരസ്‌കാരങ്ങളും എണ്ണിപ്പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫ്. മികച്ച ഭൂരിപക്ഷത്തോടെ ഭരണം തുടരുമെന്നും 22 മുതൽ 25 സീറ്റുകൾ വരെ നേടുമെന്ന് യു. ഡി. എഫ് ക്യാമ്പിന്റെ പ്രതീക്ഷ. അതേസമയം കേരള കോൺഗ്രസി(എം) ന് നിർണായക സ്വാധീനമുള്ള നഗരസഭയിൽ ജോസ് വിഭാഗത്തിന്റെ വരവോടെ അട്ടിമറി വിജയത്തോടെ കേവല ഭൂരിപക്ഷത്തിൽ ഭരണം തിരിച്ചുപിടിക്കുമെന്നാണ് എൽ. ഡി. എഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്. 20 മുതൽ 23 വരെ സീറ്റുകൾ നേടുമെന്നും എൽ.ഡി.എഫ് വിലയിരുത്തുന്നു. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തി അഞ്ചിലധികം സീറ്റ് നേടുമെന്ന് എൻ.ഡി.എയും കണക്കുകൂട്ടുന്നു.
നഗരസഭയായ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ്. അധികാരത്തിലെത്തിയത്. 34 അംഗ ഭരണസമിതിയിൽ യു.ഡി.എഫ്19, എൽ.ഡി.എഫ്13, ബി.ജെ.പി2 എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫിൽ കോൺഗ്രസ്13 ഉം കേരള കോൺഗ്രസ്6, എൽ.ഡി.എഫിൽ സി.പി.എം5, ഹൈറേഞ്ച് സംരക്ഷണ സമിതി5, സി.പി.ഐ 3 സീറ്റുകളാണ് നേടിയത്. യു.ഡി.എഫിലെ ധാരണപ്രകാരം ആദ്യത്തെ ഒന്നേമുക്കൽ വർഷം കോൺഗ്രസിലെ ജോണി കുളംപള്ളി ചെയർമാനായപ്പോൾ കേരള കോൺഗ്രസി(എം)ലെ ബിന്ദു സെബാസ്റ്റ്യനായിരുന്നു ഉപാദ്ധ്യക്ഷ. തുടർന്നുള്ള ഒന്നര വർഷക്കാലയളവിൽ കേരള കോൺഗ്രസിലെ അഡ്വ. മനോജ് എംതോമസ് അദ്ധ്യക്ഷനായി. ഈ സമയം കോൺഗ്രസിലെ രാജമ്മ രാജനായിരുന്നു ഉപാധ്യക്ഷ. അവസാനത്തെ ഒന്നേമുക്കാൽ വർഷം വീണ്ടും കോൺഗ്രസിലെ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷനായി. ഈ കാലയളവിൽ കേരള കോൺഗ്രസിലെ ലൂസി ജോയിയും തുടർന്ന് ടെസി ജോർജ് എന്നിവർ ഉപാദ്ധ്യക്ഷമാരായി. എന്നാൽ ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റത്തോടെ ഒടുവിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു.
ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതും പ്രചരണം ആരംഭിച്ചതും എൽ.ഡി.എഫാണ്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ നിർണായക സ്വാധീനം കണക്കിലെടുത്ത് സി.പി.എമ്മിനേക്കാൾ ഒരു സീറ്റ് കൂടുതൽ വിട്ടുകൊടുത്തു. കേരള കോൺഗ്രസ് ജോസ് വിഭാഗം13, സി.പി.എം12, സി.പി.ഐ7, എൻ.സി.പി1, ജനതാദൾ1 സീറ്റുകളിലാണ് എൽ.ഡി.എഫ്. മത്സരിച്ചത്. ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചർച്ചകൾ നീണ്ടുപോയതിനാൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയിരുന്നു. കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ ഇത്തവണയും വേണമെന്നു ശഠിച്ചെങ്കിലും ഒടുവിൽ വിട്ടുവീഴ്ചയ്ക്ക് തയാറാറായി. കോൺഗ്രസ് 26 ഉം കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ടും സീറ്റുകളിൽ മത്സരിച്ചു. വൈകി ആരംഭിച്ച പ്രചരണം അവസാനഘട്ടത്തിലെത്തിയപ്പോൾ എൽ.ഡി.എഫിനൊപ്പം എത്തിക്കാൻ യു.ഡി.എഫിനു കഴിഞ്ഞു. എൻ.ഡി.എയിൽ 29 വാർഡുകളിലും ബി.ജെ.പി സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ടൗൺ വാർഡ് ഉൾപ്പെടെ അഞ്ചിടങ്ങളിൽ സ്ഥാനാർത്ഥികളില്ല. ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. ഒരു സീറ്റിൽ പോലും മത്സരിച്ചില്ല. പോളിംഗ് ശതമാനം വർദ്ധിച്ചത് അനുകൂലമാകുമെന്നാണ് ഇരുമുന്നണികളും കണക്കുകൂട്ടുന്നത്.