police

കോട്ടയം: അർദ്ധരാത്രി സി.ഐയെയും നാട്ടുകാരെയും മർദ്ദിക്കുകയും പൊലീസ് സ്റ്റേഷനിൽ വച്ച് പൊലീസ് ഡ്രൈവറെ കടിക്കുകയും ചെയ്ത കേസിൽ പ്രതികൾക്ക് ജാമ്യം. പ്രോസിക്യൂഷന്റെ വാദം തള്ളി കോടതി ജീവനക്കാരനുൾപ്പെട്ട പ്രതികൾക്ക് ജാമ്യം നൽകുകയായിരുന്നു.

വോട്ടെടുപ്പു ദിവസം രാത്രിയിലാണ് കോട്ടയം ചാലുകുന്നിൽ മദ്യപസംഘം യുവാക്കളെയും കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിനെയും ഡ്രൈവർ ജോണിനെയും ആക്രമിച്ചത്. യൂണിയൻ ബാങ്ക് ജീവനക്കാരനായ അയ്മനം പാണ്ഡവം വൈശാഖം വീട്ടിൽ ആനന്ദ് കൃഷ്ണ, ഇയാളുടെ സഹോദരനും കോട്ടയം മൊബൈൽ കോടതി ജീവനക്കാരനുമായ അരുൺ കൃഷ്ണ, മുണ്ടക്കയം പഴയ മണിയ്ക്കൽ ഹേമന്ദ് ചന്ദ്ര എന്നിവരെയാണ് പ്രതികൾ.

എം.ജി സർവകലാശാല ജീവനക്കാരിയായ പോളിംഗ് ഓഫീസറുടെ വണ്ടി ചാലുകുന്നിനു സമീപത്തെ കുഴിയിൽ വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ സഹായിക്കാൻ മദ്യപിച്ചിരുന്ന പ്രതികൾ എത്തി. പിന്നാലെ വന്ന ഇൻസ്പെക്ടറെയും ഡ്രൈവറെയും ഇവർ ആക്രമിച്ചുവെന്നാണ് കേസ്. പ്രതികൾക്കെതിരെ പൊലീസ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ ഇവർക്ക് കോടതി ജാമ്യം നൽകുകയായിരുന്നു . സംഭവ സ്ഥലത്തു വച്ചു മർദനമേറ്റ കോട്ടയം സ്വദേശി ഇതിനെതിരെ ഹൈക്കോടതി രജിസ്ട്രാറെ സമീപിച്ചിട്ടുണ്ട്.