
കോട്ടയം: സ്ഥാനത്തെച്ചൊല്ലി തമ്മിൽത്തല്ലിച്ച് കേരള കോൺഗ്രസിനെ രണ്ടുവഴിക്കാക്കിയ ജില്ലാ പഞ്ചായത്തിൽ ആരാകും പ്രസിഡന്റെന്നതാണ് മുന്നണികളുടെ ചിന്ത. അഞ്ചു വർഷത്തിനിടെ മൂന്നു പ്രസിഡന്റുമാരെ കണ്ട ജില്ലാ പഞ്ചായത്തിൽ ഇക്കുറി ഇരു മുന്നണികളും ഒരു പോലെ പ്രതീക്ഷയിലാണ്. ജോസ് കെ. മാണി ഒപ്പം വന്നതിനാൽ ഇടത്തേയ്‌ക്കു ചായുമെന്ന പ്രതീക്ഷയാണ് അവർക്ക്. എന്നാൽ, ഇത്തവണയും വലത് തോളിൽ തന്നെ ചാരിനിൽക്കുമെന്നാണ് യു.ഡി.എഫിന്റെ വിശ്വാസം. വനിതാ സംവരണമാണ് പ്രസിഡന്റ് പദം. ഫലമറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ രാഷ്‌ട്രീയ പാർട്ടികളിൽ ചർച്ച സജീവമായി. അദ്ധ്യക്ഷ സ്ഥാനത്തേയ്‌ക്ക് എല്ലാ പാർട്ടികൾക്കും ചൂണ്ടിക്കാട്ടാനുണ്ട് ഒരു പട്ടിക .
മൂന്നു പേരുകളാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. രാധാ വി.നായര്‍, സുധാ കുര്യന്‍, ബീന ബിനു. മുൻപ് ജില്ലാ പഞ്ചായത്തംഗങ്ങളായിരുന്നു മൂന്നു പേരും. രാധാ വി.നായര്‍ മുമ്പ് പ്രസിഡന്റും സുധാ കുര്യന്‍ വൈസ് പ്രസിഡന്റുമായിരുന്നു. അധികാരം പങ്കിടേണ്ടി വന്നാല്‍ ജോസഫ് വിഭാഗത്തിനും പ്രസിഡൻ്റ് സ്ഥാനം നല്‍കേണ്ടി വന്നേക്കാം. അങ്ങിനെയെങ്കിൽ കുറവിലങ്ങാട്ടു നിന്ന് മേരി സെബാസ്റ്റ്യനും കാഞ്ഞിരപ്പള്ളിയില്‍ നിന്ന് മറിയാമ്മയുമുണ്ട്. മേരി മുന്‍ വൈസ് പ്രസിഡൻ്റും മറിയാമ്മ മുന്‍ മെമ്പറുമാണ്.
അധികാരം ഇടത്തേയ്‌ക്കു ചാഞ്ഞാൽ തൃക്കൊടിത്താനത്തു നിന്നു മഞ്ജു സുജിത്തിന്റെയും കുമരകത്തു നിന്നുള്ള കെ.വി. ബിന്ദുവിന്റെയും പേരുകളാണ് പ്രഥമ പരിഗണനയിൽ. മഞ്ജു ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബിന്ദു ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. കേരളാ കോണ്‍ഗ്രസ് വലിയ കക്ഷിയായാല്‍ സ്വഭാവികമായും പ്രസിഡന്റ് സ്ഥാനത്തിന് അവർ അവകാശവാദം ഉന്നയിക്കും. എങ്കിൽ കുറവിലങ്ങാട്ടുനിന്നുള്ള നിര്‍മല ജിമ്മിക്കു തന്നെയാണ് സാദ്ധ്യത. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയാണ് നിർമ്മല.