കട്ടപ്പന: കൊവിഡ് പരിശോധനയ്ക്ക് വിധേയരായ മുല്ലപ്പെരിയാർ സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഫലം വരുന്നതിനുമുമ്പ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് സാദ്ധ്യത. കോഴിക്കോട്ടേയ്ക്കുള്ള യാത്രാമദ്ധ്യേയാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ച വിവരമറിയുന്നത്. തുടർന്ന് കുറ്റിപ്പുറത്തുനിന്നും ആംബുലൻസിൽ പാലായിലുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ കൊവിഡ് കെയർ സെന്ററിൽ എത്തിച്ചു. ഇവർക്കൊപ്പം ബസിലുണ്ടായിരുന്ന 42 പേരെ ഹോം ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ സമ്മർദ്ദത്തെ തുടർന്നാണ് പരിശോധന ഫലം വരുംമുമ്പ് ഇരുവർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ടിവന്നത്.
മുല്ലപ്പെരിയാർ സ്റ്റേഷനിൽ കേബിൾ പണിക്കെത്തിയ എ.ഇയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നേരത്തെ ഏഴു പൊലീസുകാർക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ഇതോടെ മറ്റുള്ളവരെയും നിരീക്ഷണത്തിലാക്കി. കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച രണ്ടുപേരെ വെള്ളിയാഴ്ച ആർ.ടി.പി.സി.ആർ. ടെസ്റ്റിന് വിധേയരാക്കിയിരുന്നു. എന്നാൽ ഫലം വരാൻ കാത്തുനിൽക്കേണ്ടതില്ലെന്ന് ഉന്നത ഉദ്യോഗസ്ഥൻ കർക്കശ നിലപാട് എടുത്തതോടെ ഇരുവരും മറ്റുള്ളവർക്കൊപ്പം പുറപ്പെടുകയായിരുന്നു.