അടിമാലി: മൂന്നാറും പരിസര പ്രദേശങ്ങളും മഞ്ഞിൽ മുങ്ങി മൈനസ് താപനിലയിലേയ്ക്ക് കടക്കുന്നു. കൊവിഡിനെ മറികടന്നും ടോപ് സ്റ്റേഷനിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹം. മൂന്നാറിൽ നിന്ന് 32 കിലോമീറ്റർ യാത്ര ചെയ്താൽ ടോപ് സ്റ്റേഷനിൽ എത്താം. കേരള തമിഴ്‌നാട് അതിർത്തിയിൽ തേനി ജില്ലയുടെ ഭാഗമായുള്ള ടോപ് സ്റ്റേഷൻ സമുദ്രനിരപ്പിൽ നിന്നും 1880 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടെ നിന്നും തേനിക്ക് റോപ് വേ വഴിയായിരുന്നു അവശ്യസാധനങ്ങൾ കൊണ്ടുപോയിരുന്നത്. പഴയ റോപ് വേയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാൻ കഴിയും. ഇവിടെ നിന്ന് നോക്കിയാൽ തേനിയുടെ വിദൂര ദൃശ്യവും കാണാം. തമിഴ്‌നാട് സർക്കാർ ഇവിടെ വാച്ച് ടവർ സ്ഥാപിച്ചിട്ടുണ്ട്. വ്യൂ പോയ്ന്റിൽ നിന്ന് കാഴ്ച കാണുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ട്. 100 മീറ്ററോളം താഴോട്ട് ഇറങ്ങി ചെന്ന് മലനിരകൾക്ക് ഇടയിലായി മഞ്ഞു നിറഞ്ഞ് നിൽക്കുന്ന കാഴ്ചയാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്.പുലർച്ചെയുള്ള സൂര്യോദയം വീക്ഷിക്കുന്നതിനായി സഞ്ചാരികൾ ഇവിടെ ടെന്റുകളിലും മറ്റും താമസിക്കാറുണ്ട്. ഇപ്പോൾ മഞ്ഞ് മൂടി കിടക്കുന്നതിനാൽ മൂന്നാറിൽ നിന്നും ടോപ് സ്റ്റേഷനിലേക്കു ഉള്ള യാത്ര കഠിനമാണ്.

വട്ടവടയിലെ മലനിരകൾ

ശീതകാല പച്ചക്കറികളുടെ വിളനിലമാണ് വട്ടവട ഗ്രാമം. ഇവിടുത്തെ തണുപ്പ് നിറഞ്ഞ കാലവസ്ഥയാണ് പച്ചക്കറി കൃഷിക്ക് അനുയോജ്യം. ഇവിടുത്തെ ചരിവുള്ള മലനിരകളിൽ തട്ടായി ചെയ്തിരിക്കുന്ന കൃഷി സ്ഥലമാണ് ഏറെ ആകർഷകം. കാബേജ്, ക്യാരറ്റ്, പലവിധത്തിലുള്ള ബീൻസ്, ഉരുളകിഴങ്ങ്, വെളുത്തുള്ളി എന്നിവയാണ് ഇവിടത്തെ പ്രധാനപ്പെട്ട കൃഷികൾ. മഞ്ഞ്മൂടിയ കാലാവസ്ഥയും പ്രകൃതി രമണീയമായ കൃഷിയിടങ്ങളുമാണ് പ്രധാന കാഴ്ചകൾ. ടോപ് സ്റ്റേഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ വട്ടവടയിൽ എത്താം.4 കിലോമീറ്റർ റിസർവ്വ് ഫോറസ്റ്റിൽ കൂടി വേണം വട്ടവടയിൽ എത്താൻ . റിസർവ്വ് ഫോറസ്റ്റിൽ കൂടി സഞ്ചരിച്ചാൽ കാട്ടുപോത്തുകളേയും ആനയേയും സഞ്ചാരികൾക്ക് കാണാനാകും. മലനിരകൾ മുഴുവൻ ഗ്രാന്റീസ് മരങ്ങൾ തിങ്ങിവളർന്ന് നിൽക്കുന്ന കാഴ്ചയും കാണാം. ഇവിടേക്കും സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ.