വാഗമണ്ണിൽ വന്യു സെക്രട്ടറി കണ്ടെത്തിയ കൈയേറ്റം ഒഴിപ്പിച്ചു
കട്ടപ്പന: മുൻ റവന്യു സെക്രട്ടറി രാജൻ മധേക്കർ ഉൾപ്പെട്ട കമ്മിഷൻ കണ്ടെത്തിയ വാഗമണ്ണിലെ 21 വൻകിട കൈയേറ്റങ്ങളിൽ ഉൾപ്പെട്ടതാണ് ഇന്നലെ റവന്യു സംഘം ഏറ്റെടുത്ത 79 ഏക്കർ സർക്കാർ ഭൂമി. അവധിദിനമായിരുന്ന ഇന്നലെ പീരുമേട് തഹസിൽദാർ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം ഉളുപ്പൂണിയിലെത്തി കൈയേറ്റം ഒഴിപ്പിക്കുകയായിരുന്നു. കൈയേറ്റ ഭൂമിയല്ലെന്ന് തെളിയിക്കാൻ ഓരോ വർഷവും ഇവിടുത്തെ റിസോർട്ടുകളിൽ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കേരള ലളിതകലാ അക്കാദമിയുടെ പല പരിപാടികളും ഇവിടെ സംഘടിപ്പിച്ചിരുന്നു. കൂടാതെ വിദേശരാജ്യങ്ങളിൽ നിന്നുള്ള ചിത്രകല വിദഗ്ധരും ചിത്രരചനയിൽ പ്രാവീണ്യം നേടിയിട്ടുള്ളവരും മാസങ്ങളോളം റിസോർട്ടുകളിൽ താമസിച്ചിരുന്നു. സർക്കാർ ഭൂമി കൈയേറിയ എറണാകുളം സ്വദേശിക്ക് ഉന്നതരുമായുള്ള സ്വാധീനമാണ് വർഷങ്ങളോളം നടപടികൾ വൈകിപ്പിച്ചത്. വാഗമൺ വില്ലേജിലെ സർവേ നമ്പർ 894, 896, 897ൽ ഉൾപ്പെട്ട സർക്കാർ ഭൂമിയാണ് 2011 മുതൽ ഇയാളുടെ കൈവശത്തിലുള്ളത്. ഏലപ്പാറ പഞ്ചായത്തിൽ കോട്ടമല വാർഡിൽ ഉൾപ്പെട്ട ഭൂമിയിൽ 412, 413 എന്നീ കെട്ടിട നമ്പരുകളിലാണ് റിസോർട്ടുകൾ പ്രവർത്തിച്ചുവന്നത്. അതേസമയം കൈയേറ്റ ഭൂമിയിലെ കെട്ടിടങ്ങൾക്ക് പഞ്ചായത്തിൽ നിന്നു നമ്പർ ലഭിച്ചതും ദുരൂഹമാണ്. ഇതേക്കുറിച്ചും വരും ദിവസങ്ങളിൽ അന്വേഷണമുണ്ടാകും.
ഇന്നലെ രാവിലെ 11മണിയോടെ പീരുമേട് തഹസിൽദാർ എം.കെ. ഷാജി, വാഗമൺ വില്ലേജ് ഓഫീസർ സുഭാഷ് കുമാർ, ഡെപ്യൂട്ടി തഹസിൽദാർ റോസമ്മ, ഭൂസംരക്ഷണ സേന അംഗം രാജ്കുമാർ, ശശികുമാർ എന്നിവർ ഉൾപ്പെടുന്ന 15 അംഗ സംഘമാണ് ഉളുപ്പൂണിയിലെത്തി കൈയേറ്റം ഒഴിപ്പിച്ചത്.