
ചങ്ങനാശേരി: വിധി അറിയാൻ ഇനി ഒറ്റനാൾ മാത്രം. കണക്കുകൂട്ടലുകളും കിഴിക്കലും വിശദമായ പരിശോധനയും നടത്തി വിജയ പ്രതീക്ഷകളുമായി ഇരിക്കുകയാണ് മുന്നണികൾ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പാറ്റേണുകൾ വിലയിരുത്തിയ രാഷ്ട്രീയ പാർട്ടികൾക്കും മുന്നണികൾക്കും പ്രതീക്ഷയ്ക്കൊപ്പം ആകാംക്ഷയുമുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് ഗുണകരമാകുമെന്ന കണക്കൂട്ടലിലാണ് യു.ഡി.എഫ്. എന്നാൽ, ഞങ്ങളുടെ എല്ലാ വോട്ടുകളും പോൾ ചെയ്തിട്ടുണ്ടെന്നും നഗരസഭയിലും പഞ്ചായത്തുകളിലെ ല വാർഡുകളിലും അട്ടിമറി വിജയം തങ്ങൾ കരസ്ഥമാക്കുമെന്നും എൽ.ഡി.എഫ് അവകാശപ്പെടുന്നു. എന്നാൽ, മൂന്നാം മുന്നണിയായി നില്ക്കുന്ന എൻ.ഡി.എ ചില വാർഡുകളിൽ രണ്ടാം സ്ഥാനത്ത് വരിമെന്നും മറ്റ് വാർഡുകളിൽ തങ്ങൾ വിജയിക്കുമെന്നും അവകാശപ്പെടുന്നു.
കേരള കോൺഗ്രസ് എം മുന്നണി വിട്ടത് യു.ഡി.എഫിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ജില്ലാ പഞ്ചായത്തിൽ ഭരണത്തിൽ എത്തുമെന്നും ഡി.സി.സി. പ്രസിഡന്റ് അവകാശപ്പെടുമ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ലഭിച്ച എട്ട് സീറ്റിലും വിജയിക്കുമെന്ന് ജോസഫ് നേതൃത്വം പറയുന്നു. കോട്ടയം, ഈരാറ്റുപേട്ട, ഏറ്റുമാനൂർ നഗരസഭകൾ ഭരണം നിലനിർത്തുമെന്നും പാലായിലും ചങ്ങനാശേരിയിലും ഒപ്പത്തിന് എത്തുമെന്നും ബൂത്തുകളിലെ കണക്കുകൾ വിലയിരുത്തിയതിനുശേഷം പറയുന്നു. കേരള കോൺഗ്രസ് എമ്മിന്റെ വരവോടെ ജില്ലാ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് ലഭിക്കുമെന്ന് സി.പി.എം. ആദ്യമേ പറഞ്ഞിരുന്നു. ഇലക്ഷന് ശേഷം ബ്രാഞ്ചുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം ജില്ലാ പഞ്ചായത്തിൽ കൂടുതൽ സീറ്റ് ലഭിക്കുമെന്നും ഇവർ വിലയിരുത്തുന്നു. പാലാ ഉൾപ്പെടെ നാല് നഗരസഭകളിൽ ഭരണം കിട്ടുമെന്ന് എൽ.ഡി.എഫും കണക്കുകൂട്ടുന്നു. ജോസ് കെ.മാണിയുടെ വരവോടെ മുന്നണിക്ക് അനുകൂലമായി വോട്ടുകൾ മാറിയിട്ടുണ്ട്.ജില്ലയിൽ 15 പഞ്ചായത്തുകളിൽ മുന്നേറ്റമുണ്ടാകുമെന്ന് ബി.ജെ.പി.യും വിലയിരുത്തുന്നു.