rice

കോട്ടയം: മുട്ടം കരക്കാർ ആഘോഷതിമിർപ്പിൽ. കാൽ നൂറ്റാണ്ടിലേറെ തരിശുകിടന്ന വടക്കേമുട്ടം കുരക്കലാർ പാടത്ത് കർഷകർ വിത്തെറിഞ്ഞു. വടക്കേ മുട്ടം പാടശേഖരവും വിതക്ക് പാകത്തിലായി. ഇനി ഉടൻ അവിടെയും നെല്ലുകൾ കിളിർത്തുതുടങ്ങും. വർഷങ്ങളായി തരിശുകിടന്ന പത്തോളം പാടശേഖരങ്ങളിലാണ് ഇക്കുറി നെല്ല് വിളയുക. ഇവിടുത്തെ കർഷകർ ശുഭ പ്രതീക്ഷയിലാണ്.

മീനച്ചിലാർ മീനന്തറയാർ കൊടുരാർ പുനർസയോജന പദ്ധതിയുടെ ഭാഗമായിട്ടാണ് മുട്ടത്ത് തരിശുനിലങ്ങൾ കൃഷിക്ക് പാകമാക്കിയത്. കൃഷി ഒരുക്കുന്ന പാടശേഖരങ്ങളിൽ വിത മഹോത്സവങ്ങൾ ആവേശകരമായി മുന്നേറുകയാണ്. നാട്ടകം വില്ലേജിലെ മുട്ടം കുരക്കലാർ പാടശേഖരത്തിലെ വിത്തുവിതരണ മഹോത്സവം നദി പുനർ സംയോജന പദ്ധതി കോ-ഓ‌ർഡിനേറ്റർ അഡ്വ. കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

ഒരു വർഷക്കാലമായി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ പാടം പാകമാക്കി വരികയായിരുന്നു. പുല്ല് നിറഞ്ഞുനിന്ന പാടശേഖരം കൃഷിക്ക് പാകമാക്കാൻ കർഷകർ ഏറെ കഷ്ടപ്പെടേണ്ടതായി വന്നു. 25 വർഷത്തിലധികമായി വടക്കേ മുട്ടം കുരക്കലാർപാടം തരിശായി കിടക്കുകയായിരുന്നു. വടക്കേമുട്ടംപാടശേഖരവും പുല്ലുകയറി കിടക്കുകയായിരുന്നു. ജനകീയ കൂട്ടായ്മയിലാണ് ഇവിടങ്ങളിൽ കൃഷി ഇറക്കുന്നത്. പുതുവർഷത്തിന് മുമ്പായി പത്തോളം പാടശേഖരങ്ങളിൽ വിത്ത് വിതക്കാൻ സാധിക്കുമെന്നാണ് കർഷകരുടെ വിശ്വാസം.