
ജില്ലയിൽ നിർണായകം പുതുതലമുറ വോട്ടുകൾ
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഫലത്തെ സ്വാധീനിക്കുക കൊവിഡാനന്തര സാഹചര്യങ്ങൾ മൂലം ബൂത്തിൽ എത്തിയ കന്നിവോട്ടർമാരുടെ സാന്നിദ്ധ്യവും പ്രായമേറിയ വോട്ടർമാരുടെയും അസാന്നിദ്ധ്യവും. കണക്കുകൾ പ്രകാരം കൊവിഡ് കാലത്തെ ഓൺലൈൻ പഠനവും മറ്റുസാഹചര്യങ്ങളും മൂലം നാട്ടിലുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കന്നിവോട്ടർമാരും തിരിച്ചെത്തിയ പ്രവാസികളും പോളിംഗ് ബൂത്തിൽ എത്തിയിട്ടുണ്ട്. അതേസമയം പോളിംഗ് ശതമാനം കുറഞ്ഞെന്ന് പറയുമ്പോഴും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരേക്കാൾ കൂടുതൽപ്പേർ ഇക്കുറി വോട്ട് ചെയ്തിട്ടുണ്ട്.
ഓൺലൈൻ അപേക്ഷയിലൂടെ വോട്ടർപട്ടികയിൽ ഇടംപിടിച്ചവർ അതു രേഖപ്പെടുത്താനുള്ള ആദ്യ അവസരം ഫലപ്രദമായി ഉപയോഗിച്ചു. ചില വാർഡുകളിലോ തദ്ദേശസ്ഥാപനങ്ങളിലോ വിജയപരാജയങ്ങളെ നിർണയിക്കുന്നതിൽ ഇവരുടെ വോട്ടുകൾ നിർണായകമാകും. പാരമ്പര്യ രാഷ്ട്രീയനിലപാടുകളുള്ള പ്രായമായ വോട്ടർമാർ കൊവിഡ് സാഹചര്യത്തിൽ വിട്ടുനിന്നത് രാഷ്ട്രീയമാറ്റങ്ങൾക്കും കളമൊരുക്കിയേക്കാം. നഗരസഭകളിൽ യു.ഡി.എഫിന്റെ കോട്ടകളായ വാർഡുകളിൽ പ്രായമായവർ വോട്ട് ചെയ്യാനെത്താഞ്ഞത് ചില്ലറ ആശങ്കയല്ല സ്ഥാനാർത്ഥികൾക്കുണ്ടാക്കിയിരിക്കുന്നത്. പ്രായമായവരെ ബൂത്തുകളിൽ എത്തിക്കാനുള്ള കേഡർ പാർട്ടികൾ ഉൾപ്പെടെയുള്ളവയുടെ ശ്രമം പലപ്പോഴും വിജയിച്ചില്ല.
വോട്ടെടുപ്പിലെ ക്ഷീണം കൊവിഡ്കാലത്തെ ലക്ഷണം മാത്രമോ അതോ നിയമസഭയിലേയ്ക്ക് കൂടി ബാധിക്കുന്ന ഗുരുതര രോഗമോ എന്ന് മുന്നണികൾ വിലയിരുത്തുന്നുണ്ട്. വോട്ടെടുപ്പിലെ തളർച്ച നഗരമേഖലകളിലൊതുങ്ങിയതും ഗ്രാമീണമേഖല താരതമ്യേന ഊർജസ്വലമായതും വ്യത്യസ്ത ഫലങ്ങളായേക്കുമെന്ന അഭിപ്രായങ്ങളും ഉയരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന 5 ജില്ലകളിലെ പോളിംഗ് ശതമാനം ഏറ്റവും കുറവ് കോട്ടയത്തായിരുന്നു. എന്നാൽ പോളിംഗ് ശതമാനം കുറഞ്ഞെങ്കിലും ജില്ലയിൽ കഴിഞ്ഞ തവണത്തെക്കാൾ 4797 വോട്ടുകൾ അധികമായി ചെയ്തു. വോട്ടർമാർ കൂടിയതിന് അനുസരിച്ചുള്ള വർദ്ധന വോട്ടെടുപ്പിൽ പ്രതിഫലിച്ചില്ലെന്നു മാത്രം.
വോട്ടിംഗ് കണക്ക്
ഇത്തവണ പോളിംഗ്:
73.95 %
വോട്ട് ചെയ്തവർ: 11,93,228
2015
പോളിംഗ്: 79.04%
വോട്ടു ചെയ്തവർ: 11,88,431
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തത്: 11,56,761 വോട്ടുകളായിരുന്നു. പോളിംഗ്: 75.49%.
ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാൾ 36,467 വോട്ടർമാർ ബൂത്തിലെത്തി.