cash

കോട്ടയം : അതിവേഗം വായ്പ ലഭ്യമാക്കാൻ മൊബൈൽ ഫോണിൽ ലഭിക്കുന്ന 'ഫ്ലിപ്പ് കാഷ് " ആപ്പ് ഉപഭോക്താവിനൊരുക്കിയത് വൻ കെണി. 3500 രൂപ വായ്‌പ നൽകി, അഞ്ചു ദിവസത്തിന് ശേഷം അയ്യായിരം രൂപ തിരികെ വാങ്ങുന്ന മൊബൈൽ ഫോൺ ആപ്ലിക്കേഷനാണ് കെണിയായി മാറിയത്. വായ്‌പയെടുത്ത് കുടുങ്ങിയ നിരവധി ആളുകളാണ് പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചിരിക്കുന്നത്. വായ്‌പാ തിരിച്ചടവ് രണ്ടു ദിവസത്തോളം മുടങ്ങിയതോടെ ഉപഭോക്താവിന്റെ സുഹൃത്തുക്കളെയും, ബന്ധുക്കളെയും ഉൾപ്പെടുത്തി വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയ ശേഷം ഇയാളെ അപമാനിക്കുന്ന രീതിയിൽ സന്ദേശം അയച്ചതായാണ് പരാതി.

കഴിഞ്ഞ ഒക്ടോബർ 18 നാണ് പിതാവ് മരിച്ചതിന്റെ ആവശ്യങ്ങൾക്കായി പ്രോസസിംഗ് ഫീസ് പോലുമില്ലാതെ യുവാവ് വായ്പയെടുത്തത്. ഏഴു ദിവസത്തിനകം പണം തിരികെ അടയ്ക്കണമെന്നായിരുന്നു മാനദണ്ഡം. ഏഴാം ദിവസം രാവിലെ തന്നെ വിളിയെത്തി. രാവിലെ പത്തിനുള്ളിൽ പണം അടയ്‌ക്കണമെന്നായിരുന്നു ഭീഷണി. വൈകിട്ട് വരെ സാവകാശം ചോദിച്ചെങ്കിലും തയ്യാറായില്ല. ഒരു മണിക്കൂറിന് ശേഷം യുവാവിന്റെ ചിത്രം സഹിതം ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി. കടം വാങ്ങിയാൽ തിരികെ നൽകാത്ത ആളാണെന്നും, മോശം സ്വഭാവത്തിന് ഉടമയാണെന്നും യുവാവിന്റെ ചിത്രങ്ങൾ സഹിതം പ്രചരിപ്പിച്ചെന്നുമാണ് പരാതി.

തട്ടിപ്പ് തടയാൻ ശ്രദ്ധിക്കുക

അംഗീകൃത ബാങ്ക് ആപ്ലിക്കേഷനിൽ മാത്രം വായ്‌പയ്‌ക്ക് അപേക്ഷ നൽകുക

വായ്‌പയ്‌ക്കായി പരമാവധി ബാങ്ക് ശാഖകളെ നേരിട്ട് സമീപിക്കുക

കൃത്യമായി വെളിപ്പെടുത്താത്ത സോഴ്‌സുകളിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിക്കരുത്