ചങ്ങനാശേരി: ആളും ആരവുമില്ലാതെ ചന്ദനക്കുടം ആഘോഷം. പുരാതനവും ചരിത്രപ്രസിദ്ധവുമായ ചന്ദനക്കുടം ദേശീയാഘോഷം കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമായി നടക്കുമെന്ന് ചന്ദനക്കുടം ദേശീയാഘോഷം കമ്മിറ്റി അറിയിച്ചു. ആന എഴുന്നള്ളത്ത്, വാദ്യമേളങ്ങൾ, കലാപരിപാടികൾ എന്നിവ ഒഴിവാക്കും. 16ന് വൈകുന്നേരം അഞ്ചിന് ജമാഅത്ത് പ്രസിഡന്റ് പി.എസ്.പി റഹീം കൊടിയേറ്റ് നിർവഹിക്കും. ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയിൽ ചന്ദനം നിറച്ച കുടം ആനപ്പുറത്ത് കൊണ്ട് പോകുന്നതിന് പകരം അലങ്കരിച്ച വാഹനത്തിൽ സ്വീകരണ സ്ഥലങ്ങളിൽ എത്തിക്കും. 25ന് ആദ്യദിവസം പഴയപള്ളി ജമാഅത്ത് ഓഫീസിലും തുടർന്ന് കാവിൽ ക്ഷേത്രാങ്കണത്തിൽ, പെരുന്ന നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്തും നഗരസഭ, ഫയർ സ്റ്റേഷൻ, താലൂക്ക് കച്ചേരി, എക്‌സൈസ് ഓഫീസ് എന്നിവിടങ്ങളിലും രണ്ടാംദിവസം ചന്തക്കടവ് മൈതാനം, മുസാവരി ജംഗ്ഷൻ, കത്തീഡ്രൽ പള്ളി, പൊലീസ് സ്റ്റേഷൻ, നേർച്ചപ്പാറ, ആരമല, തൈക്കാവ്, ഇരൂപ്പ എന്നിവിടങ്ങളിൽ നിന്നും സ്വീകരണങ്ങൾ ഏറ്റുവാങ്ങും. പുതൂർ പള്ളിയിൽ പതിവുപോലെ ദീപാലങ്കാരങ്ങൾ ഉണ്ടാവുമെന്ന് അഡ്വ പി.ബി ജാനി, അബ്ദുൾ സലാം, എം.എച്ച് ഹനീഫ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.