jos-k

കോട്ടയം : ഇന്ത്യൻ കാർഷിക മേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന പുതിയ കാർഷിക നിയമങ്ങൾ വലിയ കാർഷിക ദുരന്തം ഇന്ത്യയിൽ സൃഷ്ടിക്കുമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ നിയമം നിർമ്മിക്കുന്നതിനുള്ള സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്ത് കേന്ദ്രസർക്കാർ നടത്തിയിട്ടുള്ള നിയമനിർമ്മാണം ഇന്ത്യയുടെ ഫെഡറൽ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമാണ്. ഇതിനെതിരായി ഡൽഹിയിൽ കർഷകർ നടത്തുന്ന പോരാട്ടം ഇന്ത്യൻ ചരിത്രത്തിലെ ഉജ്ജ്വലസമരമാതൃകയായി മാറിയിരിക്കുന്നു. ഈ സമരത്തെ പിന്തുണക്കേണ്ടത് എല്ലാവിഭാഗം ജനങ്ങളുടേയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. കിസാൻ സഭ ജില്ലാ സെക്രട്ടറി ഇ.എൻ ദാസപ്പൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം.ടി ജോസഫ്, കർഷക സംഘം ജില്ലാ സെക്രട്ടറി കെ.എം രാധാകൃഷ്ണൻ, എം.കെ ദിലീപ്, സലീം പി. മാത്യു, അഡ്വ. വി.വി ബിനു, അഡ്വ. വി.ടി തോമസ്, സണ്ണി തെക്കേടം, സഖറിയാസ് കുതിരവേലി, എം.കെ.പ്രഭാകരൻ, അഡ്വ. ശ്രീകുമാർ, ബി. ശശികുമാർ എന്നിവർ പ്രസംഗിച്ചു.