
കോട്ടയം : തൊട്ടതെല്ലാം പൊന്നാക്കിയ കുടുംബശ്രീയുടെ ഓൺലൈൻ ഇടപെടലും മെഗാഹിറ്റ്. കുടുംബശ്രീ കീഴിലുള്ള സംരംഭകർക്ക് കൊവിഡ് വെല്ലുവിളിയുയർത്തിയതിനെ തുടർന്നാണ് കുടുംബശ്രീബസാർ.കോം വഴി കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന മേള നടത്തിയത്. നവംബർ 4 മുതൽ 30 വരെ മികച്ച ഓഫറുകൾ നൽകി നടത്തിയ മേളയിൽ ജില്ലയിലെ സംരംഭകരും നേട്ടുമുണ്ടാക്കി. വിപണിയിലെ ഏതൊരു കമ്പനിയോടും ഗുണനിലവാരത്തിലും അവതരണത്തിലും കിടപിടിക്കുന്ന 52 ഉത്പന്നങ്ങളാണ് ജില്ലയുടേതായി സൈറ്റിലുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ വിറ്റുവരവാണ് ഈ യൂണിറ്റുകൾക്കുണ്ടായത്. ജില്ലയിൽ നിന്ന് തന്നെ ആയിരത്തോളം ഓർഡറുകൾ ലഭിച്ചു. പല യൂണിറ്റുകൾക്കും സ്ഥിരം ഉപഭോക്താക്കളെ കണ്ടെത്തുവാൻ സാധിച്ചു .കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ ജാസ്മിൻ, ടിന്റു,റിസാന, ഷാനി, സാനിത എന്നിവർ ചേർന്നു നടത്തുന്ന ഫ്രഷ് ആൻഡ് ഫ്രഷ് യൂണിറ്റിന് തിരുവനന്തപുരം ജില്ലയിൽ മാത്രം മൂന്ന് ലക്ഷം രൂപയുടെ പ്രതിമാസ വില്പനയ്ക്കുള്ള അവസരമാണ് ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ലഭിച്ചത്.