കോട്ടയം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുറവിലങ്ങാട് താന്നിക്കലിൽ വീട് കയറി ആക്രമിച്ച സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഗുരുതരമായ ആക്രമണങ്ങൾ നടത്തിയിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും ക്രിയാത്മകമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുറ്റവാളികളുടെ പേരിൽ കേസെടുക്കാൻ പോലും തയാറായിട്ടില്ലെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ എസ്.ആർ ഷിജോ, വൈസ് ചെയർമാൻ മനു മാമച്ചൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇരുപതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് രാത്രി വിവിധ വാഹനങ്ങളിലെത്തി ആക്രമണം അഴിച്ചുവിട്ടത്. തുടർന്നും ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശത്തെ ജനങ്ങൾ. പൊലീസ് ബാഹ്യസമ്മർദങ്ങൾക്ക് വഴങ്ങി നിഷ്‌ക്രിയമാണ്. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തോട് വീണ്ടും ആക്രമണമുണ്ടായേക്കാം. സംഭവത്തിൽ പ്രതിഷേധിച്ച് രൂപീകരിച്ച 51 അംഗ ആക്ഷൻ കൗൺസിൽ തുടർസമരത്തിന് രൂപം കൊടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.