ഈരാറ്റുപേട്ട: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ക്രമസമാധാനനില വിലയിരുത്തുന്നതിനായി പാലാ ഡിവൈ.എസ്.പി സാജു വർഗീസിന്റെ അദ്ധ്യക്ഷതയിൽ ഈരാറ്റുപേട്ടയിൽ സർവകക്ഷിയോഗം ചേർന്നു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പങ്കെടുത്തു. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും നിർദ്ദേശങ്ങൾ പൂർണമായി പാലിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സമാധാന അന്തരീക്ഷം നിലനിർത്താൻ സർവകക്ഷിയോഗം പൊലീസിനു പൂർണ പിന്തുണ ഉറപ്പുനൽകി.

ഫലപ്രഖ്യാപന ദിവസം ഈരാറ്റുപേട്ട കോളേജ് റോഡിൽ വാഹന ഗതാഗതം നിയന്ത്രിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് സെന്റ്. ജോർജ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ പാർക്കിംഗ് അനുവദിക്കും. ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രം വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് ജോർജ് കോളേജ് പരിസരത്ത് പ്രവേശനം ഉണ്ടായിരിക്കും. കോളേജ് റോഡിൽ പാർക്കിംഗ് അനുവദിക്കില്ല. സ്ഥാനാർത്ഥിക്കും ഏജന്റുമാർക്കും മാത്രമാവും വോട്ടെണ്ണൽ കേന്ദ്രത്തിലും പരിസരത്തും പ്രവേശിക്കാൻ അനുവാദം. സ്ഥാനാർത്ഥിയേയും ഏജന്റുമാരെയും ഇറക്കിയശേഷം വാഹനങ്ങൾ കോളേജ് പാലം വഴി കടുവാമൂഴി ബസ് സ്റ്റാൻഡിൽ പാർക്ക്‌ചെയ്യണം. മറ്റുവാഹനങ്ങളും അരുവിത്തുറ ഭാഗത്തുകൂടി എത്തി കടുവാമൂഴി ബസ് സ്റ്റാൻഡിൽ പാർക്ക്‌ചെയ്യണം. ഗ്രാമപഞ്ചായത്തുകളിലെ പ്രവർത്തകരെ വോട്ടെണ്ണൽ ദിവസം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ പ്രവേശിക്കാതെ അതത് പഞ്ചായത്തുകളിൽ മാത്രം കേന്ദ്രീകരിക്കാൻ നിർദ്ദേശം നൽകുമെന്ന് കക്ഷിനേതാക്കൾ ഉറപ്പുനൽകി. ഫലം അറിഞ്ഞാലുടൻ സ്ഥാനാർത്ഥികളും പ്രവർത്തകരും വോട്ടെണ്ണൽ കേന്ദ്രവും പരിസരവും വിട്ട് അതത് വാർഡുകളിലേക്ക് മടങ്ങണം. ആഹ്ലാദ പ്രകടനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം. അനുവാദമില്ലാതെ ഉച്ചഭാഷിണി ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കും.