
കുമരകം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്ന് അടച്ചുതുടങ്ങില്ല .ആലപ്പുഴ കളക്ട്രേറ്റിൽ ഇതു സംബന്ധിച്ചു നിശ്ചയിച്ചിരുന്ന യോഗം 18നേ ചേരാൻ കഴിയൂ എന്ന സൂചനയാണ് ഇറിഗേഷൻ വകുപ്പ് നൽകുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കാണ് യോഗം ചേരാൻ കഴിയാതിരുന്നതെന്നാണ് വിശദീകരണം. എല്ലാവർഷവും ഡിസംബർ 15ന് ഷട്ടറുകൾ അടയ്ക്കുകയും മാർച്ച് 15ന് തുറക്കണമെന്നുമാണ് നിബന്ധന.കുട്ടനാടൻ ജലാശയങ്ങളിൽ ഉപ്പിന്റെ സാന്ദ്രത ഇതുവരെ കൂടാത്തതിനാലാണ് തീരുമാനം നീളുന്നത്. ആലപ്പുഴ കളക്ടറുടെ നേതൃൃത്വത്തിൽ കൃഷി വകുപ്പ്,ഫിഷറീസ് വകുപ്പ്,ഇറിഗേഷൻ മെക്കാനിക്കൽ വകുപ്പ് എന്നിവയുടെ മേധാവികൾ,കർഷക പ്രതിനിധികൾ,മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി ചേരുന്ന യോഗമാണ് ബണ്ട് തുറക്കാനും അടയ്ക്കാനും തീരുമാനമെടുക്കുന്നത്. ശക്തമായ വേലിയേറ്റത്തെ തുടർന്ന് അപ്പർകുട്ടനാടൻ ജലാശയങ്ങളിൽ ഒരു മാസം മുമ്പ് ക്രമാതീതമായി ജലനിരപ്പ് ഉയർന്നിരുന്നു. വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് അന്ന് 10 ഷട്ടറുകൾ അടച്ചിരുന്നു. അവ പിന്നീട് തുറന്നിട്ടില്ല. ശേഷിച്ച 80 ഷട്ടറുകളാണ് ഇനി അടയ്ക്കാനുള്ളത്.
ഓരുമുട്ടുകൾ തീർക്കണം
മത്സ്യപ്രജനനത്തേയും നെൽകൃഷിയേയും എങ്ങനെ ബാധിക്കും എന്നതിനെ ആശ്രയിച്ചാണ് ബണ്ട് അടക്കുകയും തുറക്കുകയും ചെയ്യുക. തണ്ണീർമുക്കം ബണ്ട് അടയ്ക്കുന്നതിനൊപ്പം ധാരാളം ഓരുമുട്ടുകളും അടയ്ക്കണം. തണ്ണീർമുക്കം ,തലയാഴം ,വൈക്കം തുടങ്ങിയ സ്ഥലങ്ങളിലെ ഓരുമുട്ടുകൾ യഥാസമയം ഇട്ടില്ലെങ്കിൽ തെക്കൻ പ്രദേശങ്ങളിലെ ജലാശയങ്ങളിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കാൻ ഇടയാകും.ഷട്ടർ അടയ്ക്കാൻ വൈകിയതിനൊപ്പം മത്സ്യബന്ധനം നടത്താൻ തൊഴിലാളികൾ ഷട്ടറിനടിയിൽ കരിങ്കല്ലുകൾ വെച്ച് നീരൊഴുക്ക് സൃഷ്ടിച്ചത് മൂലവും കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറി പുഞ്ചകൃഷി നശിച്ചത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു