കോട്ടയം: ഓരോ തലത്തിലും ലഭിക്കുന്ന മറ്റു തലങ്ങളിലെ തപാൽ ബാലറ്റുകൾ വോട്ടെണ്ണൽ ദിവസം രാവിലെ എട്ടിനു മുൻപ് അതത് വരണാധികാരികൾക്ക് കൈമാറുന്നതിന് പ്രത്യേക മെസഞ്ചർ സംവിധാനമുണ്ടാകും.
ഇതിനായി വരണാധികാരികൾ തപാൽ ബാലറ്റും സത്യപ്രസ്താവനയും അടങ്ങിയ ഫോറം 19, ഫോറം 19 ഇ എന്നീ വലിയ കവറുകളിലെ മേൽവിലാസം മുൻകൂറായി പരിശോധിക്കും. ഓരോ തലത്തിലെയും തപാൽ ബാലറ്റുകൾ വരണാധികാരികൾ മാത്രമേ തുറക്കാൻ പാടുള്ളൂ.
ത്രിതല പഞ്ചായത്തുകളിൽ ഓരോ തലത്തിലെയും സാധാരണ തപാൽ ബാലറ്റുകളും പ്രത്യേക തപാൽ ബാലറ്റുകളും അതത് വരണാധികാരികളാണ് എണ്ണുക. മുനിസിപ്പാലിറ്റികളിൽ വരണാധികാരികൾ തങ്ങളുടെ ചുമതലയിലുള്ള വാർഡുകളുടെ തപാൽ വോട്ടുകളാണ് എണ്ണുക.
തപാൽ വോട്ടുകൾ എണ്ണുന്നതിനു മുൻപ് തപാൽ ബാലറ്റ് അടങ്ങിയ ചെറിയ കവറിനൊപ്പം സാക്ഷ്യപ്പെടുത്തിയ ഫോറം 16 സിയിലുള്ള സത്യപ്രസ്താവനയുണ്ടെന്ന് ഉറപ്പാക്കണം.
സാധാരണ തപാൽ ബാലറ്റിനും സ്പെഷ്യൽ തപാൽ ബാലറ്റിനുമൊപ്പം വോട്ടർമാർ സമർപ്പിക്കുന്ന ഫോറം 16ലെ സത്യപ്രസ്താവന 'സാഷ്യപ്പെടുത്തുന്ന ഓഫീസറുടെ ഒപ്പും മേൽവിലാസവും ചേർത്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ സീലോ ഓഫീസ് സീലോ ഇല്ലെന്ന കാരണത്താൽ ബാലറ്റ് തള്ളിക്കളയില്ല.
വോട്ടെണ്ണൽ ആരംഭിച്ചശേഷം വരണാധികാരികൾക്ക് ലഭിക്കുന്ന തപാൽ വോട്ടുകൾ അടങ്ങിയ കവറുകൾ ഒരു കാരണവശാലും തുറക്കാൻ പാടില്ല. അവയ്ക്കു പുറത്ത് സ്വീകരിച്ച സമയം എഴുതി മറ്റു രേഖകൾക്കൊപ്പം സുരക്ഷിതമായി സൂക്ഷിക്കണം.