അടിമാലി: ബ്ളോക്ക് പഞ്ചായത്ത് അദ്ധ്യക്ഷസ്ഥാനം വീണ്ടും പട്ടികവർഗ വിഭാഗത്തിനെന്ന് കോടതി ഉത്തരവ്, അടിമാലിയിൽ പണിപാളുമോ എന്ന ആശങ്കയോടെ യു. ഡി. എഫ് നേതൃത്വം.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടിക വർഗ്ഗ ജനറൽ സംവരണമായാണ് തിരഞ്ഞെടുപ്പു കമ്മീഷൻ നിശ്ഛയിച്ചത്. കഴിഞ്ഞ തവണ അദ്ധ്യക്ഷപദവി പട്ടികജാതി സംവരണമായിരുന്നു. തുടർച്ചയായി അദ്ധ്യക്ഷപദവി സംവരണ വിഭാഗത്തിലാക്കുന്നതിനെതിരെ സംസ്ഥാനത്തെ വിവിധ തദ്ദശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്നായി അറുപതോളം പേർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജില്ലയിൽനിന്നും ഏതാനും പേർ ഇതിൽ കക്ഷി ചേർന്നിരുന്നു. സിംഗിൾ ബഞ്ചിൽനിന്നും അനുകൂലവിധി ലഭിച്ചതോടെ അദ്ധ്യക്ഷ സ്ഥാനം ജനറലായി. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികൾ തുടരുകയും ചെയ്തു. എന്നാൽ സിങ്കിൾബഞ്ച് വിധി കഴിഞ്ഞ ദിവസം ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. അദ്ധ്യക്ഷസ്ഥാനം പട്ടികവർഗ്ഗ വിഭാഗത്തിന് ലഭിച്ചതോടെ അടിമാലിയിൽ പുതിയ പ്രതിസന്ധിനേരിടുകയാണ് യു. ഡി. എഫ് നേതൃത്വം .അടിമാലി ബ്ലോക്ക് പഞ്ചായത്ത് തുടർച്ചയായി യു.ഡി.ഫ് ആണ് ഭരിക്കുന്നത്. ഈ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് ഭരണ തുടർച്ച പ്രതീക്ഷിക്കുന്നു. എന്നാൽ യു.ഡി.എഫ് മത്സര രംഗത്ത് ഇറക്കിയത് പട്ടിക വർഗ്ഗത്തിലുള്ള ഒരു സ്ഥാനാർത്ഥിയെ മാത്രമാണ്. മച്ചിപ്ലാവ് ഡിവിഷനിൽ നിന്നും മത്സരിക്കുന്ന സോമൻ ചെല്ലപ്പൻ . ഈ സ്ഥാനാർത്ഥിയുടെ ജയ പരാജയത്തെ ആസ്പദമാക്കി ആയിരിക്കും യു.ഡി.എഫിന് ഭരണ തുടർച്ച ഉണ്ടാവുക.യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കാതെ പോയാൽ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്ന് സാരം. എൽ.ഡി.എഫ് പട്ടിക വർഗ്ഗത്തിൽ നിന്ന് രണ്ട് സ്ഥാനാർത്തികളെ മത്സര രംഗത്ത് ഇറക്കിയുട്ടുണ്ട്. മച്ചിപ്ലാവ് ഡിവിഷനിൽ ദിപു.എം.ആറിനെയും വെള്ളത്തൂവൽ ഡിവിഷനിൽ നിന്ന് മുൻ അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോർജിനേയും മത്സരിപ്പിച്ചു. ആദ്യകോടതി വിധി അനുസരിച്ച് പ്രസിഡന്റ് സ്ഥാനം ജനറൽ ആയതോടെ കോൺഗ്രസ്സിൽ നിന്ന് മുൻ നിര നേതാക്കളായ മൂന്നു പേർ മത്സര രംഗത്ത് എത്തിയിരുന്നു.കോടതിവിധിയോടെ പലരുടെയും പ്രതീക്ഷകളാണ് തകിടം മറിഞ്ഞത്.