കോട്ടയം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം കൊവിഡ് പ്രതിരോധം ഉറപ്പാക്കിയായിരിക്കും ജില്ലയിൽ വോട്ടെണ്ണൽ. വോട്ടെണ്ണൽ കേന്ദ്രങ്ങൾ ഇന്ന് അണുവിമുക്തമാക്കും. വോട്ടെണ്ണൽ ദിവസം ഹാളിനുള്ളിലും പുറത്തും ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ല. ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ഏജന്റിനു പുറമെ ഒരു കൗണ്ടിംഗ് ഏജന്റിനെ മാത്രം വോട്ടെണ്ണലിന് ചുമതലപ്പെടുത്താം. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ഏജന്റിനു പുറമെ അവർ മത്സരിക്കുന്ന വാർഡുകൾ ഉൾപ്പെട്ടുവരുന്ന ഓരോ ഗ്രാമപഞ്ചായത്തിനും ഒരാൾ വീതം എന്ന ക്രമത്തിൽ കൗണ്ടിംഗ് ഏജന്റുമാരെ ചുമതലപ്പെടുത്താം. കൗണ്ടിംഗ് ഏജന്റുമാർ മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ഇക്കാര്യം ഉദ്യോഗസ്ഥർ ഉറപ്പാക്കണം. കൗണ്ടിംഗ് ഉദ്യോഗസ്ഥർ മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം. വിജയിക്കുന്ന സ്ഥാനാർത്ഥികളുടെ ആഹ്ലാദ പ്രകടനങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കണം.