
ചങ്ങനാശേരി: പെരുമ്പനച്ചി തോട്ടയ്ക്കാട് റോഡ് തകർന്നിട്ട് നാളുകളേറെയായി. മാന്നില പുളിയാങ്കുന്ന് റോഡ് മുതൽ തോട്ടയ്ക്കാട് വരെയുള്ള ഭാഗങ്ങളിൽ വലുതും ചെറുതുമായ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ടാറിംഗ് ഇളകി മെറ്റലും ചരലും നിറഞ്ഞ നിലയിലാണ്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുന്നതും പതിവാണ്. പുളിയാങ്കുന്ന് റോഡിൽ പൈപ്പ് പൊട്ടൽ പതിവാകുന്നതിനാൽ ഈ ഭാഗത്ത് റോഡിന്റെ വശങ്ങൾ ഇടിഞ്ഞ നിലയിലാണ്. റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതിനാൽ അപകടസാധ്യതയും ഏറുന്നു. വഴിനീളെ കുഴികളായതിനാൽ ഇതിൽ ചാടി വാഹനങ്ങൾക്ക് കേടുംപാടുകളും സംഭവിക്കുന്നു. ബസ് സർവ്വീസുള്ള റോഡായതിനാൽ യാത്രക്കാരും ബുദ്ധിമുട്ടിലാണ്. നടപ്പാതകളില്ലാത്തിനാൽ കാൽ നടയാത്രക്കാർക്കും അപകടഭീഷണിയുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് വലിയ ചില കുഴികൾ അടച്ചെങ്കിലും വീണ്ടും പഴയ അവസ്ഥയിലായി. മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് അപകടമുണ്ടാകുകയാണെങ്കിൽ വേനൽക്കാലത്ത് പൊടിശല്യമാണ് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തുന്നത്. റോഡ് റീടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.