
കോട്ടയം: വൈക്കം കായലിൽ പോള നിറഞ്ഞു. യാത്രക്കാരെ കയറ്റി ചാങ്ങാടം മറുകരയിലെത്താൻ ഇരട്ടിയിലധികം സമയം എടുക്കുന്നു. പോള ബോട്ടിന്റെ പ്രൊപ്പല്ലറിൽ കുടുങ്ങി യന്ത്രത്തകരാറും നിത്യസംഭവമായി. ഇതോടെ ചങ്ങാടം പ്രവർത്തിപ്പിക്കുന്നവരും യാത്രക്കാരും ഒരു പോലെ വിഷമിക്കുകയാണ്. കായലിൽ വീതി കുറഞ്ഞ ഇവിടെ 10 മിനിറ്റിൽ കാഴെ സമയമെടുത്താണ് നേരേകടവ്-മാക്കേക്കടവ് ചങ്ങാടം ജെട്ടിയിൽ അടുത്തിരുന്നതെങ്കിൽ ഇപ്പോൾ അര മണിക്കൂറോളം സമയമെടുക്കും. ബോട്ടിന്റെ പ്രൊപ്പല്ലറിൽ കുടുങ്ങിയ പോള മാറ്റി ചങ്ങാടം മറുകരയിലെത്താൻ വീണ്ടും മണിക്കൂറുകൾ എടുക്കും. ഇതോടെ ഓഫീസുകളിലെത്തേണ്ടവരും സ്ഥിരം യാത്രക്കാരും ദുരിതത്തിലായി. ചെറുവള്ളങ്ങളിൽ യാത്രചെയ്യാനും സാധിക്കില്ല. അത്ര കനത്തിലാണ് കായലിൽ പോളക്കെട്ട് ഉണ്ടായിരിക്കുന്നത്. നേരെകടവ് ഭാഗത്താണ് പോള കൂടുതലായി കനത്തിട്ടുള്ളത്.
മത്സ്യം, കക്കവാരൽ തൊഴിലാളികൾ പ്രതിസന്ധിയിൽ
യാത്രക്കാർക്ക് മാത്രമല്ല പോള വില്ലനായത്. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരെയും കക്കാ വാരുന്നവരെയും കായലിലെ പായൽ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പോള കുടുങ്ങി വല നശിക്കുന്നത് പതിവാണ്. പോള തള്ളിമാറ്റിവേണം വള്ളത്തിൽ കക്കാ ശേഖരിക്കേണ്ടത്. അതുകൊണ്ട് തന്നെ ഉദ്ദേശിക്കുന്നതത്ര കക്കാ ശേഖരിക്കാനും ഇവർക്കാവുന്നില്ല. ഇതോടെ തൊഴിലാളികൾക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാവുന്നത്.
കുട്ടനാട്, അപ്പർകുട്ടനാടൻ മേഖലകളിലെ പാടശേഖരങ്ങളിൽ വളർന്നുതിങ്ങുന്ന പോള കൃഷിക്കായി നിലമൊരുക്കാൻ പുറംതള്ളുമ്പോൾ കായലിലേക്ക് ഒഴുകി എത്തുകയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. വർഷങ്ങളായി തുടരുന്ന ഈ പ്രശ്നങ്ങൾ ശാശ്യത പരിഹാരം കാണാൻ പോളജൈവവളവും മൂല്യവർധിത ഉൽപ്പന്നങ്ങളുമായി മാറ്റുന്ന പദ്ധതികൾ തുടങ്ങാൻ സർക്കാർ ആലോചിച്ചെങ്കിലും പ്രാവർത്തികമായിട്ടില്ല. ജലാശയങ്ങളെ ആശ്രയിച്ചു ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് മത്സ്യം, കക്ക തൊഴിലാളികളുടെ തൊഴിൽ സംരക്ഷണത്തിന് പോള നീക്കേണ്ടത് അനിവാര്യമാണ്. വിനോദസഞ്ചാരികളുമായി കായൽ സവാരിക്കെത്തുന്ന ഹൗസ് ബോട്ടുകൾക്കും ശിക്കാരി വള്ളങ്ങൾക്കും പോള തടസമാകുന്നുണ്ട്.