duck

കോട്ടയം: പക്ഷിപ്പനിയും പ്രളയവും വരുത്തിയ നഷ്ടങ്ങളിൽ നിന്ന് കരകയറാൻ താറാവ് കർഷകരുടെ പ്രതീക്ഷയാണ് ക്രിസ്മസ് കാലം. ഇതു ലക്ഷ്യമിട്ട് പണി വീണ്ടും സജീവമായി. അതേസമയം ഇടനിലക്കാരുടെ ഇടപെടലിൽ വിലകിട്ടാതെ പോകുമെന്ന ഭീതിയുമുണ്ട് അപ്പർ കുട്ടനാട്ടിലെ കർഷകർക്ക്.

ക്രിസ്മസ് വിപണിക്കായി കുമരകം, തലയാഴം, വെച്ചൂർ, ആർപ്പുക്കര, ചങ്ങനാശേരി തുടങ്ങിയ പ്രദേശങ്ങളിലായി ഒരുലക്ഷത്തോളം താറാവുകൾ സ്റ്റോക്കുണ്ട്. ചാര, ചെമ്പല്ലി ഇനങ്ങളിൽ പെട്ട താറാവുകൾക്കാണ് പ്രിയം. പുഞ്ചക്കൊയ്ത്ത് കഴിയുന്ന സമയങ്ങളിലാണ് കൂടുതൽ താറാവുകളെ വിരിയിച്ച് എടുക്കുന്നതും മുട്ടത്താറാവുകളെയും ഇറച്ചിത്താറാവുകളേയും വേർതിരിക്കുന്നതും. ഇറച്ചിക്കായി മാറ്റിയവയാണ് ക്രിസ്മസ് വിപണിയിൽ എത്തുന്നത്.

 കൊയ്ത്ത് വൈകിയത് ചെലവ് കൂട്ടി

ജില്ലയിൽ പുഞ്ച കൊയ്ത്ത് വൈകിയത് മൂലം താറാവ് കർഷകർ ഒരു മാസത്തോളം പുറം തീറ്റയാണ് നൽകിയത്. കഴിഞ്ഞ വർഷത്തെ വിലയിടിവ് കർഷകരെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനിടെ കൊയ്ത്ത് വൈകിയതും അധിക ചെലവുണ്ടാക്കി. ലോക്ക് ഡൗൺ മൂലമുണ്ടായ നഷ്ടം വേറെ. പാടശേഖരസമിതികൾക്ക് ഉയർന്ന തുക നൽകിയാണ് താറാവുകളെ തീറ്റക്കായി പാടത്ത് ഇറക്കി വിടുന്നത്.


 ഈ ക്രിസ്മസിന്

ഒരു ലക്ഷം താറാവുകൾ

 കടകളിൽ വില

300ന് മുകളിൽ

പ്രശ്നങ്ങൾ

 ന്യായവിലയില്ലാതെ കർഷകർ

 തീറ്റയിനത്തിലെ വൻ ചെലവ്

 ഇടനിലക്കാരുടെ ചൂഷണം

'' സർക്കാർ സംവിധാനങ്ങളായ മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യ, മത്സ്യഫെഡിന്റ വിൽപ്പനശാലകൾ എന്നിവയിലൂടെയും കർഷകരിൽ നിന്നും വൃത്തിയാക്കിയ താറാവിനെ വാങ്ങാനാവും. ഇലനിലക്കാരെ ഒഴിവാക്കി കർഷകർക്ക് ന്യായമായ വില ലഭിക്കുകയാണ് പ്രധാനം''

- എബി ഐപ്പ്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി