
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വരും മുമ്പേ കോട്ടയത്ത് മാണി സി കാപ്പൻ ,ജോസ് കെ മാണി പോര് മുറുകി.ഇടതു മുന്നണിക്ക് കൂടുതൽ സീറ്റ് കിട്ടിയാൽ അത് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ശക്തി കൊണ്ടല്ലെന്ന് കാപ്പൻ വെടി പൊട്ടിച്ചു. പ്രചാരണ രംഗത്ത് മാണി സി. കാപ്പൻ സജീവമായിരുന്നോയെന്ന് പരിശോധിക്കണമെന്ന് ജോസ് കെ. മാണി തിരിച്ചടിച്ചതോടെ, രംഗം കൊഴുത്തു..
സീറ്റ് വിഭജനത്തിൽ എൻ.സി.പിക്ക് മതിയായ പരിഗണന നൽകിയില്ലെന്നാണ് കാപ്പന്റെ വിമർശനം.എന്നാൽ, ഇടതുപക്ഷം സംസ്ഥാനത്ത് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും, പരാതികളുണ്ടെങ്കിൽ എൽ.ഡി. എഫ് പരിശോധിക്കുമെന്നും സി.പി.എം നേതാക്കൾ വ്യക്തമാക്കിയതോടെ കാപ്പന് നിശബ്ദനാകേണ്ടി വന്നു. പാലായെ ചൊല്ലി ഇടഞ്ഞ് പ്രചാരണ രംഗത്തു സജീവമല്ലാതിരുന്ന കാപ്പനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്തു കൺവീനർ എം.എം ഹസൻ രംഗത്തെത്തി.. എൻ.സി.പി കാപ്പൻ വിഭാഗം യു.ഡി.എഫിലേക്കെന്ന പ്രചാരണവും ഇതോടെ ശക്തമായി.. കാപ്പന്റെ പരസ്യ വിമർശനത്തിൽ നീരസം പ്രകടിപ്പിച്ച സി.പി.എം നേതാക്കൾ, ജോസിനെ പിന്തുണയ്ക്കാനും മറന്നില്ല . ജോസ് വന്നതോടെ ഇടതു മുന്നണി വൻ ജയം നേടുമെന്നാണ് കൺവീനർ വിജയരാഘവനടക്കം പ്രതികരിച്ചത്.
പാലാ പിടിച്ച എൻ.സി.പിക്ക് നഗരസഭയിൽ ഉൾപ്പെടെ പരിഗണന കിട്ടിയില്ലെന്നാണ് മാണി സി കാപ്പന്റെ പരാതി. .പാലാ ഉപതിരഞ്ഞെടുപ്പിൽ ഒമ്പത് പഞ്ചായത്തുകളിലും നഗരസഭയിലും ലീഡ് നേടിയ എൻ..സി. പിക്ക് പാലായിൽ ഒരു സീറ്റ് മാത്രമാണ് നൽകിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് 26 സീറ്റിൽ മത്സരിച്ച എൻ.സി.പിയെ ഇത്തവണ ഏഴ് സീറ്റിലൊതുക്കിയെന്നും അദ്ദേഹം പറഞ്ഞു...