kakka

കുമരകം: വേമ്പനാട്ട് കായലിലെ തണ്ണീർമുക്കം,പാതിരാമണൽ പ്രദേശത്തെ കക്ക സംരക്ഷിത മേഖലയിൽ നിന്നും അനധീകൃതമായി മല്ലികക്ക ( കുഞ്ഞി കക്ക) വാരുന്നതായി പരാതി. കുറത്തകക്കയുടെ സംരക്ഷണത്തിനായി ഫിഷറീസ്, ഇറിഗേഷൻ വകുപ്പുകൾ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് മല്ലികക്ക നിക്ഷേപിച്ച പ്രദേശത്ത് നിന്നുമാണ് അനധികൃതമായി കക്കാ വാരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാൽ ഫിഷറീസ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ ഈ ഭാഗത്ത് ഇപ്പോൾ പരിശോധന നടത്തുന്നില്ല. ഇത് മറയാക്കിയാണ് അനധികൃതമായി വൻതോതിൽ മല്ലികക്ക വാരുന്നത്.

മല്ലികക്കായിൽ നിന്നും ലഭിക്കുന്ന ഇറച്ചി കിലോ 100 രൂപയ്ക്കാണ് വിൽക്കുന്നത്. കുമരകം ഭാഗത്ത് വേമ്പനാട്ട് കായലിൽ നിന്നും ലഭിക്കുന്ന വലിയ കക്കായുടെ ഇറച്ചിക്ക് 160 രൂപ വിലയുണ്ട്. എന്നാൽ ഇവ വേമ്പാട്ടുകായലിൽ നിന്നും ശേഖരിക്കാൻ തൊഴിലാളികൾക്ക് മണിക്കൂറുകൾ നീണ്ട അദ്ധ്വാനം ആവശ്യമാണ്.

14 കേന്ദ്രങ്ങൾ

വേമ്പനാട്ട് കായലിൽ പല പ്രദേശങ്ങളിലായി 14 കക്ക പുനരുജ്ജീവന കേന്ദ്രങ്ങളാണ് ഫിഷറീസ് വകുപ്പ് സ്ഥാപിച്ചത്. കക്കയുടെ പ്രജനന സമയമായ ഡിസംബർ മുതൽ ഫെബ്രുവരി വരെ കക്കാവാരുന്നതിന് ഈ പ്രദേശങ്ങളിൽ നിരോധനമുണ്ട്. എന്നാൽ താത്ക്കാലിക ലാഭം നോക്കി അധികൃതരുടെ കണ്ണ് വെട്ടിച്ച് വളർച്ചയെത്താത്ത കക്ക വാരി വിൽക്കുകയാണ് പലരും. ആയാസമില്ലാതെ കക്കാവാരി വള്ളം നിറച്ച് മിനിറ്റുകൾ കൊണ്ട് സ്ഥലം വിടുകയാണ് ഇവർ. ഇതിന് പിന്നിൽ വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി പരമ്പരാഗത തൊഴിലാളികൾ പറയുന്നു.