
ചങ്ങനാശേരി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ചങ്ങനാശേരിയിൽ സജ്ജമാക്കിയിരിക്കുന്നത് രണ്ട് കേന്ദ്രങ്ങൾ. ജില്ലാ പൊലീസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘം വോട്ടെണ്ണൽ കേന്ദ്രങ്ങലിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചങ്ങനാശേരി നഗരസഭയുടെ വോട്ടെണ്ണൽ കേന്ദ്രം നഗരസഭയിലും മാടപ്പള്ളി ബ്ലോക്കിനു കീഴിൽവരുന്ന അഞ്ച് പഞ്ചായത്തുകളുടെ വോട്ടെണ്ണൽ നടക്കുന്നത് ചങ്ങനാശേരി എസ്.ബി ഹൈസ്‌കൂളിലുമായിരിക്കും.
37 വാർഡുകളുള്ള ചങ്ങനാശേരി നഗരസഭയിൽ ആറ് ടേബിളുകളിലായി ആറ് റൗണ്ട് വോട്ടെണ്ണൽ നടത്തി ഫലംപ്രഖ്യാപിക്കും. മാടപ്പള്ളി, വാഴപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, കുറിച്ചി പഞ്ചായത്തുകളിലെ 199 ബൂത്തുകളിലെ വോട്ടെണ്ണൽ 25 ടേബിളുകളിലായി എട്ട് റൗണ്ട് പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്തും. ഒരു റൗണ്ടിൽ 25 ബൂത്തുകളുടെ വോട്ടെണ്ണലാണ് ഇവിടെ നടക്കുന്നത്.