basil

അടിമാലി: ആംബുലൻസ് ഓട്ടോയിൽ ഇടിപ്പിച്ച് ഒട്ടോ ഡ്രൈവറെ വധിക്കാൻ ശ്രമിച്ച കേസിൽ സ്വകാര്യ അംബുലൻസ് ഡ്രൈവർ ഇരുമ്പുപാലം പടിക്കപ്പ് മാപ്പാനി വീട്ടിൽ ബേസിൽ (28)നെ അറസ്റ്റ് ചെയ്തു.അടിമാലി സി.ഐ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിഏഴ് മണിയോടെ ഇരുമ്പുപാലം ഒഴുവത്തടം സി.എസ്.ഐ പള്ളിക്ക് മുൻവശത്തുള്ള റോഡ് വക്കിലാണ് സംഭവം നടക്കുന്നത്. പഴമ്പിള്ളിച്ചാൽ പള്ളിതാഴത്ത് ജിനദേവൻ (35) ഓട്ടോയുമായി ഓട്ടം വന്നപ്പോൾ റോഡിന് കുറുകെ നിറുത്തിയിട്ടിരുന്ന ആംബുലൻസ് ഓട്ടോയ്ക്ക് കടന്നു പോകാൻ സൗകര്യം ചെയ്ത് കൊടുത്തില്ല. ഇക്കാര്യം ഓട്ടോ ഡ്രൈവർ ചൂണ്ടിക്കാട്ടിയപ്പോൾ ബേസിൽ പ്രകോപനപരമായി സംസാരിക്കുകയും തുടർന്ന് വാക്കേറ്റവും ബേസിൽ ആംബുലൻസ് ഉപയോഗിച്ച് ഓട്ടോ ഇടിച്ച് തെറിപ്പിച്ചു. പിന്നിട് ആംബുലൻസ് പുറകോട്ട് എടുത്ത് വീണ്ടും ഓട്ടോ ഇടിച്ചു തകർത്തു.ഒട്ടോ റോഡ്‌സൈഡിൽ നിന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞ് ഓട്ടോയുടെ മുകളിൽ വീഴുകയും ചെയ്തു. നാട്ടുകാർ ശബ്ദം കേട്ട് ഓടി എത്തിയപ്പോൾ ബേസിൽ ഓടി ഒളിച്ചു. പരിക്കറ്റ് കിടന്ന ഓട്ടോ ഡ്രൈവർ ജിനദേവനെയും യാത്രക്കാരനായ ബിനീഷിനേയും അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ജിനദേവനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ബേസിലിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.