കട്ടപ്പന: മേലുദ്യോഗസ്ഥന്റെ സമ്മർദത്തിനു വഴങ്ങി മുല്ലപ്പെരിയാർ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഹാജരായ പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരോടാണ് ഡ്യൂട്ടിക്ക് ഹാജരാകാൻ ഉന്നത ഉദ്യോഗസ്ഥൻ നിർദേശിച്ചത്. ഡ്യൂട്ടിക്ക് ഹാജരായ മൂന്നു പേരിൽ ഒരാൾക്കാണ് ഇന്നലെ വൈകിട്ടോടെ കൊവിഡ് പോസിറ്റീവായത്. ക്വാറന്റിൽ ലംഘിക്കാൻ തയാറാകാത്ത 12 പേർക്ക് ഇതേ ഉദ്യോഗസ്ഥൻ ആബ്‌സന്റും രേഖപ്പെടുത്തി. കൊവിഡ് പരിശോധനാ ഫലം വരുന്നതിനുമുമ്പ് കോഴിക്കോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയച്ച പൊലീസ് ഉദ്യോഗസ്ഥരിൽ യാത്രാമദ്ധ്യേ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരും ഇതേ സ്റ്റേഷനിലുള്ളവരാണ്. ഇവർക്കൊപ്പം ബസിൽ സഞ്ചരിച്ചവരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരും ഇന്നലെ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഹാജരായവരും.
മുല്ലപ്പെരിയാർ സ്റ്റേഷനിലെ 30 പൊലീസ് ഉദ്യോഗസ്ഥരെയാണ് കോഴിക്കോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചത്. കൊവിഡ് പരിശോധനയ്ക്ക് വിധേയരായ ഇവരുടെ ഫലം വരുന്നതിനുമുമ്പ് ജില്ലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിൽ ഡ്യൂട്ടിക്ക് പോകേണ്ടിവന്നു. ശനിയാഴ്ച ബസിൽ കോഴിക്കോട്ടേയ്ക്കുള്ള യാത്രാമദ്ധ്യേയാണ് ഇവരിൽ രണ്ടുപേർ കൊവിഡ് പോസിറ്റീവായ വിവരം ലഭിച്ചത്. തുടർന്ന് രോഗബാധിതരെ പാലായിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്കു മാറ്റി. ബസിലുണ്ടായിരുന്ന മറ്റുള്ളവരോട് നിരീക്ഷണത്തിൽ കഴിയാനും നിർദേശിച്ചിരുന്നു.
ഇവരിൽ 15 പേരോടാണ് ഇന്നലെ നിർബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകാൻ മുല്ലപ്പെരിയാറിലെ മേലുദ്യോഗസ്ഥൻ നിർദേശിച്ചത്. ഡ്യൂട്ടിക്ക് ഹാജരായ മൂന്നു പേരുടെയും മുമ്പ് നടത്തിയ പരിശോധന ഫലം വന്നപ്പോഴാണ് ഒരാൾക്ക് പോസിറ്റീവായത്. അതേസമയം പരിശോധന ഫലം വരുന്നതിനു മുമ്പ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയച്ച സംഭവത്തിൽ മുല്ലപ്പെരിയാർ ഇൻസ്‌പെക്ടറോട് ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി വിശദീകരണം തേടിയിട്ടുണ്ട്.