
കട്ടപ്പന: സീസൺ അവസാനിക്കാറായതോടെ ഏലയ്ക്ക വിലയിൽ വൻ മുന്നേറ്റം. ക്രിസമസ് പുതുവത്സര സീസൺ ആരംഭിച്ചതോടെ ആഭ്യന്തര-രാജ്യാന്തര കയറ്റുമതി വർദ്ധിച്ചതോടെയാണ് വില ഉയർന്നത്. ഇപ്പോഴത്തെ വില വർദ്ധനവിൽ കർഷകർരും വ്യാപാരികൾളും ഏറെ പ്രതീക്ഷയിലാണ്. ലോക്ക്ഡൗൺ കഴിഞ്ഞ് ഏലയ്ക്ക ഇ-ലേലം പുനരാരംഭിച്ചശേഷം വിലയിൽ ചാഞ്ചാട്ടമായിരുന്നു. 1300 നും 1500 നുമിടയിലായിരുന്നു വില. നവംബർ അവസാനത്തോടെയാണ് വിലയിൽ അല്പം ഉണർവ്വുണ്ടായത്. രണ്ടാഴ്ചയ്ക്കുള്ളിൽ 200 രൂപയാണ് വർദ്ധിച്ചത്.
ഇപ്പോഴത്തെ വില വർദ്ധന രണ്ടു സീസണുകളിലായി കെട്ടിക്കിടക്കുന്ന ഏലയ്ക്ക വിറ്റഴിക്കാൻ വ്യാപാരികൾക്കും സഹായകരമാകും. ഏലയ്ക്കായുടെ ഏറ്റവും വലിയ സീസൺ അവസാനിക്കുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഉത്പാദനത്തിൽ അഭൂതപൂർവമായ വർദ്ധനയാണ് ഉണ്ടായത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ആഭ്യന്തര വിപണികളിലേക്കുള്ള കയറ്റുമതി വൻതോതിൽ കുറഞ്ഞതാണ് വില ഉയരാതിരുന്നതിന്റെ പ്രധാന കാരണം.
എന്നാൽ ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് വടക്കേന്ത്യൻ സംസ്ഥാനങ്ങളിലടക്കം ഏലയ്ക്കയുടെ ഉപയോഗം വർദ്ധിച്ചതോടെ ഇപ്പോൾ കയറ്റുമതി നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വില രണ്ടായിരത്തോടടുക്കുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ. കൂടാതെ, വരുന്ന പൊങ്കലിന് തമിഴ്നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് പൊങ്കൽ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. കിറ്റിനൊപ്പമുള്ള സമ്മാന പായ്ക്കറ്റിൽ 20 ഗ്രാം കശുവണ്ടി, ഉണക്ക മുന്തിരി, 5 ഗ്രാം ഏലയ്ക്ക എന്നിവയും നൽകും. ഇതിനായി കേരളത്തിൽ നിന്നു വൻതോതിൽ ഏലക്ക തമിഴ്നാട്ടിലേക്കും കൊണ്ടുപോകുന്നുണ്ട്. തമിഴ്നാട്ടിലെ റേഷൻ ഗുണഭോക്താക്കൾക്ക് വ്യത്യാസമില്ലാതെയാണ് സമ്മാന പായ്ക്കറ്റ് നൽകിവരുന്നത്. ജനുവരി ആദ്യ ആഴ്ച മുതൽ കിറ്റുകൾ നൽകിത്തുടങ്ങും. ഇതിന്റെ ഭാഗമായാണ് തമിഴ്നാട്ടിലേക്ക് കൂടുതലായി ഏലയ്ക്ക കൊണ്ടുപോകുന്നത്.
മേയ് മാസം വില കൂപ്പുകുത്തി
കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 19ന് ലേലം നിർത്തിയപ്പോൾ വില 2300 രൂപയായിരുന്നു. ലോക്ക് ഡൗൺ കാലയളവിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 1000 രൂപയിൽ താഴെ കർഷകർ ഏലയ്ക്ക വിറ്റഴിച്ചിരുന്നു. മേയ് 28 മുതൽ ലേലം പുനരാരംഭിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ വില 1000 രൂപയിലേക്കു കൂപ്പുകുത്തി. പിന്നീട് വിലയിൽ വലിയ മുന്നേറ്റമുണ്ടായില്ല.
ഒരാഴ്ച്ചയ്ക്കിടെ നൂറ് രൂപയുടെ വർദ്ധനവ്
ഇപ്പോൾ ശരാശരി വില 1800 രൂപയ്ക്ക് മുകളിലാണ്. ഒരാഴ്ചയ്ക്കിടെ ശരാശരി വിലയിൽ 100 രൂപയുടെ മുന്നേറ്റമാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം നടന്ന തേക്കടി കെ.സി.പി.എം.സി. ഏജൻസിയുടെ ലേലത്തിൽ ശരാശരി വില 1820.76 രൂപ രേഖപ്പെടുത്തി. 2224 രൂപയാണ് ഉയർന്നവില. 278 ലോട്ടുകളിലായി പതിഞ്ഞ 88,211 കിലോഗ്രാം ഏലയ്ക്കായിൽ 86,864 കിലോയും വിറ്റുപോയി. ഇടുക്കി ഡിസ്ട്രിക്ട് ട്രഡീഷണൽ കാർഡമം പ്രൊഡ്യൂസർ കമ്പനിയുടെ ലേലത്തിൽ കിലോഗ്രാമിന് ശരാശരി വില 1860 രൂപ രേഖപ്പെടുത്തി. ഉയർന്നവില 2283 രൂപയാണ്. 196 ലോട്ടുകളിലായി പതിഞ്ഞ 46,371 കിലോഗ്രാമും വിറ്റുപോയി.