
കോട്ടയം: അപ്പവും താറാവിറച്ചിയും ഇല്ലാതെ ക്രൈസ്തവർക്ക് ക്രിസ്മസ് ആഘോഷമില്ല. ക്രിസ്മസ് വിപണിയിൽ കണ്ണുംനട്ട് താറാവ് കർഷകർ. ഒരു ലക്ഷത്തോളം പൂവൻതാറാവുകളാണ് കോട്ടയം ജില്ലയിൽ വളർന്നുവരുന്നത്. ആഴ്ചകൾക്കുള്ളിൽ താറാവ് വിപണി സജീവമാവും. പുഞ്ചപ്പാടങ്ങളിൽ കൊയ്ത്ത് താമസിച്ചത് താറാവുകർഷകരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പാടത്ത് കൊഴിയുന്ന നെന്മണികളാണ് താറാവിന്റെ മുഖ്യ ആഹാരം. ഇക്കുറി കൊയ്ത്ത് താമസിച്ചതോടെ പാടം വെറുതെയിടാതെ വെള്ളം കയറ്റുകയായിരുന്നു. ഇതോടെ പാടത്ത് പൊഴിഞ്ഞുവീണ നെന്മണികൾ താറാവുകൾക്ക് നഷ്ടമായി. കൈതീറ്റ കൊടുത്താണ് മിക്ക കർഷകർ താറാവിനെ വളർത്തിയത്. ഇതിലൂടെ ഭീമമായ തുകയാണ് താറാവുകർഷകർക്ക് കണ്ടെത്തേണ്ടതായി വന്നത്. കൂടാതെ താറാവിനെ പാടത്ത് ഇറക്കാൻ വൻ തുകയാണ് പാടശേഖരസമിതികൾക്ക് നല്കേണ്ടി വന്നത്.
നഷ്ടങ്ങളിൽ നിന്ന് കരകയറാൻ
ജില്ലയിൽ വാകത്താനം, പുതുപ്പള്ളി, കുമരകം, തലയാഴം, വെച്ചൂർ, ആർപ്പുക്കര, ചങ്ങനാശേരി ഭാഗങ്ങളിലാണ് കൂടുതലായി താറാവ് കർഷകരുള്ളത്. പക്ഷിപ്പനിയും പ്രളയവും മൂലം കൂടുതൽ നഷ്ടമാണ് കഴിഞ്ഞവർഷങ്ങളിൽ കർഷകർക്ക് ഉണ്ടായത്. എങ്ങനെയും കരകയറാൻ ഭാര്യമാരുടെ കെട്ടുതാലി വരെ പണയപ്പെടുത്തിയാണ് മിക്ക കർഷകരും താറാവു കുഞ്ഞുങ്ങളെ വാങ്ങി പരിപാലിച്ചത്.
കഴിഞ്ഞവർഷം ക്രിസ്മസിന് താറാവിന് മാർക്കറ്റ് കുറവായിരുന്നു. പക്ഷിപ്പനിയാണ് ഇതിന് കാരണമായത്. ഇക്കൊല്ലം അങ്ങനെ സംഭവിക്കില്ലായെന്നാണ് കർഷകരുടെ പ്രതീക്ഷ. എന്നാൽ ഇടനിലക്കാർക്ക് വിൽക്കേണ്ടി വന്നാൽ നഷ്ടം ഉണ്ടാവുമെന്നാണ് കർഷകർ പറയുന്നത്. ഇടനിലക്കാരെ മാറ്റിനിർത്തി വിപണനം നടത്തുവാനുള്ള ശ്രമവും നടക്കുന്നുണ്ട്. പുഞ്ചകൊയ്ത്ത് ആരംഭിക്കുംമുമ്പേ താറാവിൻ കുഞ്ഞുങ്ങളെ വിരിയിക്കുകയാണ് മിക്ക കർഷകരും. സർക്കാരിന്റെ ഫാമിൽ നിന്നും താറാവിൻകുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നവരുമുണ്ട്.