vykom

വൈക്കം : വൈക്കം നഗരസഭയിൽ കൂടുതൽ സീറ്റ് യു.ഡി.എഫിന്. പക്ഷേ ആര് ഭരിക്കണമെന്ന് സ്വതന്ത്രർ തീരുമാനിക്കും. ബി.ജെ.പി യുടെ നിലപാടും നിർണ്ണായകം.

26 അംഗ കൗൺസിലിൽ യു.ഡി.എഫ് 11, എൽ.ഡി എഫ് 9, ബി.ജെ.പി 4 സീറ്റുകളിൽ ജയിച്ചു. രണ്ട് സ്വതന്ത്രരുമുണ്ട്. ഇവർ യു. ഡി. എഫിനെ തുണച്ചാലും പകുതി സീറ്റുകൾ മാത്രമേ ആകൂ. ഇവിടെയാണ് ബി.ജെ.പി യുടെ നിലപാട് നിർണ്ണായകമാകുക. ബി.ജെ.പി പക്ഷേ ചെയർമാൻ, വൈസ് ചെയർമാൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ട് നിൽക്കാനാണ് സാദ്ധ്യത. കഴിഞ്ഞ തവണ ഈ നിലപാടാണ് സ്വീകരിച്ചത്.

കഴിഞ്ഞ കൗൺസിലിൽ എൽ.ഡി.എഫിന് 11ഉം യു.ഡി.എഫിന് 10ഉം ബി.ജെ.പിക്ക് രണ്ടും സീറ്റുകളാണ് ലഭിച്ചത്. രണ്ട് സ്വതന്ത്രരുമുണ്ടായിരുന്നു. കോൺഗ്രസ് റിബലായി വിജയിച്ച അവരുടെ പിന്തുണയോടെയാണ് കഴിഞ്ഞ തവണ എൽ.ഡി.എഫ് ഭരണത്തിലേറിയത്. ഇത്തവണ വിജയിച്ച സ്വതന്ത്രർ എൽ.ഡി.എഫ് റിബലുകളാണ്. അതിലൊരാൾ കഴിഞ്ഞ കൗൺസിലിൽ വൈസ് ചെയർമാനായിരുന്നു. ഇവരെ ഒപ്പം നിർത്താനായാലും എൽ.ഡി.എഫിന് യു.ഡി.എഫിനൊപ്പമെത്താനേ കഴിയൂ. അങ്ങനെവന്നാൽ ചെയർമാനേയും വൈസ് ചെയർമാനേയും നറുക്കെടുക്കേണ്ടി വരും.