
 തൊടുപുഴയിൽ തകർന്ന് ജോസഫ്
 പുതുപ്പള്ളിയിലും ഇടതു പടയോട്ടം
കോട്ടയം: യു.ഡി.എഫിന്റെ നെടുങ്കോട്ടയായിരുന്ന മദ്ധ്യകേരളം ജോസ് കെ.മാണിയുടെ ബലത്തിൽ ഇടത്തേക്ക് ചായുമ്പോൾ കേരള കോൺഗ്രസ് എമ്മിനെ പുറത്താക്കിയ നിമിഷത്തെ പഴിക്കുകയാണ് മുന്നണി നേതാക്കൾ.
അര നൂറ്റാണ്ടിന് ശേഷം പാലാ നഗരസഭയും കാൽ നൂറ്റാണ്ടിന് ശേഷം മണർകാട് പഞ്ചായത്തും ചുവന്നു. ഉമ്മൻചാണ്ടി അരനൂറ്റാണ്ടായി കൈവെള്ളയിൽ വച്ചിരിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തിൽ ആറും എൽ.ഡി.എഫ് സ്വന്തമാക്കി. 71 ഗ്രാമ പഞ്ചായത്തിൽ 39 ഉം 11 ബ്ലോക്കിൽ 10ഉം ആറ് നഗരസഭകളിൽ നാലും പിടിച്ചടക്കിയ ഇടതു മുന്നണിയുടെ പടയോട്ടം യു.ഡി.എഫ് കോട്ടയുടെ അടിത്തറ ഇളക്കിയപ്പോൾ, കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചതു നോക്കി നിൽക്കാനേ ജോസ് ഒന്നുമല്ലെന്നു പറഞ്ഞ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നുള്ളൂ. ജോസഫിന്റെ ശക്തി ജോസിലും വലുതായി കണ്ട നേതാക്കൾക്ക് തിരിച്ചടിയായി തിരഞ്ഞെടുപ്പു ഫലം.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജോസഫിനെ മുന്നിൽ നിറുത്തി മദ്ധ്യകേരളത്തിൽ എങ്ങനെ പട നയിക്കുമെന്ന അങ്കലാപ്പിലാണ് കോട്ടയത്തെ നേതാക്കൾ.
കോട്ടയത്തു മാത്രമല്ല ഇടുക്കിയിലും പത്തനംതിട്ടയിലും എറണാകുളത്തും ജോസഫ് വിഭാഗം നീർക്കുമിളപോലെ പൊട്ടിയപ്പോൾ കണ്ണൂരിലെ മലയോര മേഖലകളിലും ജോസിന്റെ സഹായം എൽ.ഡി.എഫിന് വലിയ നേട്ടമായി.
സ്വന്തം തൊടുപുഴയിൽ ഏഴു സീറ്റിൽ മത്സരിച്ച ജോസഫ് അഞ്ചിടത്തും തോറ്റു. അതേസമയം യു.ഡി.എഫിന്റെ കൈവശമിരുന്ന രണ്ടു സീറ്റ് പിടിച്ചെടുത്താണ് ജോസ് തൊടുപുഴയിൽ ശക്തി തെളിയിച്ചത്.
" എക്കാലവും യു.ഡി.എഫിനൊപ്പം നിന്ന മദ്ധ്യകേരളത്തിൽ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കേരളകോൺഗ്രസ് എമ്മിന് കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് ചരിത്ര മാറ്റത്തിന് വഴിയൊരുക്കും. യു.ഡി.എഫിനൊപ്പം ഞങ്ങൾ ഉണ്ടായിരുന്നപ്പോൾ മത്സരിച്ച സീറ്റുകളിലെല്ലാം ഇത്തവണയും മത്സരിച്ചു. അവിടെയെല്ലാം വിജയിക്കാൻ കഴിഞ്ഞു. യഥാർത്ഥ കേരളകോൺഗ്രസ് ഏതെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചു."
- ജോസ് കെ. മാണി